പൈപ്പ് പൊട്ടിയിട്ട് ആറുമാസം: പരിഹാരം കാണാതെ ജല അതോറിട്ടി

Friday 06 February 2026 3:36 AM IST

ആലപ്പുഴ: വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാണെങ്കിലും ആറുമാസമായി പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ടും അനങ്ങാപ്പാറ നയവുമായി ജല അതോറിട്ടി. ത്രിവേണി ഇന്ദിര ജംഗ്ഷൻ റോഡിൽ ശ്രീഗുരുദേവദർശ പ്രചരണ സംഘത്തിന്റെ മുൻവശത്താണ് ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നഗരത്തിൽ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥ മൂലം വെള്ളം പാഴാകുന്നത്. രാവിലെയും വൈകിട്ടും പമ്പിംഗ് നടത്തുമ്പോഴാണ് വെള്ളം പാഴാകുന്നത്. ഒരു മണിക്കൂറോളം വെള്ളം ഇങ്ങനെ പാഴാകുന്നുണ്ട്. മാസങ്ങൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്തത്. അതുകൊണ്ടുതന്നെ റോഡ് പൊളിച്ചുവേണം പ്രശ്നം പരിഹരിക്കാൻ. വെള്ളം പാഴാകുന്നതിനെതിരെ ശ്രീഗുരുദേവദർശ പ്രചരണ സംഘത്തിന്റെ നേതൃത്വത്തിൽ ജല അതോറിട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.

കോടതിപ്പാലത്തിന്റെ തെക്കേക്കരയിൽ കഴിഞ്ഞമാസം 10 ദിവസത്തോളമായി വെള്ളം പാഴായപ്പോഴും അധികൃത‌ർ പരിഹാരം കണ്ടിരുന്നില്ല. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ എം.എൽ.എമാരായ പി.പി.ചിത്തരഞ്ജനും എച്ച്.സലാമും ഇതുകണ്ട് ജല അതോറിട്ടിയിൽ വിളിച്ച് കർശന നി‌‌ർദ്ദേശം നൽകിയപ്പോഴാണ് അധികൃതരെത്തി പരിഹരിച്ചത്. കുടിവെള്ളം ക്ഷാമവും പൈപ്പ് പൊട്ടലും പരിഹരിക്കുന്നതിൽ ജല അതോറിട്ടിയുടെ അനാസ്ഥയ്ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

തുള്ളി കുടുക്കാനില്ലത്രേ!

1. നഗരത്തിലും സമീപ പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.

2. നഗരത്തിലും, മണ്ണഞ്ചേരി പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

3. പല വാർഡുകളിലും ഒമ്പത് മാസമായി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്

മാസങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. ഇതിനെതിരെ ജല അതോറിട്ടിയിൽ പരാതി നൽകിയിട്ടുണ്ട്.

കെ.ബി. സാധുജൻ.

പ്രസിഡന്റ്

ശ്രീ ഗുരുദേവദർശന പ്രചരണ സംഘം