കുഞ്ഞികൃഷ്ണനെതിരെ പാർട്ടി 'കണക്ക് ' ഇറക്കും; പരസ്യസംവാദ വെല്ലുവിളി അവഗണിക്കും
കണ്ണൂർ: വി.കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിലെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾക്ക് സി.പി.എം ഇന്ന് മറുപടി കണക്ക് പുറത്തുവിടുമെന്ന് സൂചന. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ ഇന്ന് ചേരുന്ന പാർട്ടി കീഴ്ഘടകങ്ങളുടെ യോഗത്തിൽ ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021 തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുടെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുമെന്നാണ് വിവരം. കുഞ്ഞികൃഷ്ണനുമായി പരസ്യസംവാദത്തിന് തയ്യാറാകില്ലെന്ന് സി പി.എം നേതൃത്വം വ്യക്തമാക്കി. ടി.ഐ.മധുസൂദനനെ പരസ്യ സംവാദത്തിന് കുഞ്ഞികൃഷ്ണൻ ക്ഷണിച്ചെങ്കിലും പാർട്ടി ഏറ്റുപിടിക്കില്ല. ഇത് അടഞ്ഞ അദ്ധ്യായമാണെന്നും ഓരോ ദിവസവും ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ വെട്ടിപ്പ് ആരോപണം പ്രാദേശിക വിഷയം മാത്രമാണെന്നും അവിടെത്തന്നെ പരിഹരിക്കുമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. സി പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പുസ്തകത്തിലെ വിമർശനങ്ങൾക്ക് ഔദ്യോഗികമായ മറുപടി നൽകും.
കുഞ്ഞിക്കൃഷ്ണന് മുന്നിൽ ഇനിയെന്ത്? കുഞ്ഞികൃഷ്ണനുമായി ആർ.എം.പി. പോലുള്ള കക്ഷികൾ ബന്ധപ്പെടുന്നതായാണ് വിവരം. പുസ്തക പ്രകാശനചടങ്ങിൽ ആർ.എം.പി പ്രവർത്തകരുടേയടക്കം സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നുമാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്.പയ്യന്നൂരിൽ നടന്ന പുസ്തക പ്രകാശന പരിപാടിക്ക് എത്തിയ ജനക്കൂട്ടത്തിൽ പാർട്ടിക്കാർ ഇല്ലെന്നാണ് സി.പി.എം പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടി ശത്രുക്കൾ എത്തിയതാണ് ആൾക്കൂട്ടത്തിന് കാരണമെന്നാണ് വാദം.