നന്ദിയോട്ട് പടക്ക നിർമ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ യുവാവിന് പരിക്ക്

Friday 06 February 2026 12:43 AM IST

പാലോട്: നന്ദിയോട് കുടവനാട് ശിവഭദ്ര പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് പരിക്ക്. പടക്ക നിർമ്മാണ ശാലയുടെ ഉടമ ആനക്കുഴി തടത്തരികത്ത് വീട്ടിൽ സജിൻ വിശ്വത്തിനാണ് (22) പരിക്കേറ്റത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലാണ്. കഴിഞ്ഞ ദിവസം രാവിലെ 9ഓടെയായിരുന്നു അപകടം.

ഈ സ്ഥാപനത്തിന് പടക്കനിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പടക്ക് കെട്ടുന്നതിനിടെ തിരി ഉരസിയതാവാം അപകട കാരണമെന്ന് സംശയിക്കുന്നു. നിലവിൽ പടക്കനിർമ്മാണ ലൈസൻസ് ഉണ്ടായിരുന്നത് ബിജു എന്ന വ്യക്തിയുടെ പേരിലാണെന്നും ഇദ്ദേഹം മാസങ്ങൾക്ക് മുമ്പ് മരിച്ചതിനാൽ ലൈസൻസ് കാലാവധി ഇതോടെ അവസാനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തിനു ശേഷം ഫോറൻസിക് വിദഗ്ദ്ധരും വിതുര ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം പൊട്ടിത്തെറിക്ക് പിന്നാലെ നിർമ്മാണ കേന്ദ്രം കഴുകി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പാലോട് പൊലീസ് കേസെടുത്തു. രണ്ട് റൂമുകൾ സീൽ ചെയ്‌തിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 11ന് കുടവനാടിന് സമീപം താളിക്കുന്നിൽ പടക്കനിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു.