ലഹരിമരുന്നുമായി യുവനടിയും സഹസംവിധായികയും ഉൾപ്പെടെ എട്ടുപേർ പിടിയിൽ
ചെന്നൈ : യുവനടിയും സഹസംവിധായകയും അടക്കം എട്ടുപേരെ ലഹരിമരുന്നുമായി ചെന്നൈയിൽ നിന്ന് തമിഴ്നാട് പൊലീസ് പിടികൂടി. യുവനടി അഞ്ജു കൃഷ്ണയും തമിഴ്‌സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിക്കുന്ന വിൻസി നിവേദ എന്നിവരും ആറുയുവാക്കളുമാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്.
തമിഴ്സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പൊലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകാരെ കുറിച്ച് വിവരം ലഭിച്ചത്.
പോരൂർ സ്വദേശിയായ വെങ്കിടേഷ് കുമാറിൽ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരൻ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ലഹരി വാങ്ങാനെന്ന വ്യാജേന വെങ്കിടേഷ് കുമാറിനെ സമീപിച്ചു, തുടർന്ന് വത്സരവാക്കത്തേക്ക് കാറിൽ വെങ്കടേശ്വരനും മറ്റുള്ളവരും എത്തിയപ്പോൾ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. വെങ്കടേശ്വരന് പുറമേ കാർത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരും സഹസംവിധായകയായ വിൻസി നിവേദയും നടി അഞ്ജു കൃഷ്ണയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എൽ.എസ്,ഡി സ്റ്റാമ്പ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.