നാടിന്റെ മനസറിഞ്ഞ് സഞ്ചരിച്ച നേതാവ്
ചെന്നിത്തല: മാന്നാർ, ചെന്നിത്തല, മാവേലിക്കര പ്രദേശങ്ങളിലെ ജനകീയനായ നേതാവായിരുന്നു ഇന്നലെ വിടവാങ്ങിയ എം.മുരളി. സൗമ്യനായി, പുഞ്ചിരിയോടെ എല്ലാവരെയും സമീപിച്ചിരുന്ന മുരളി കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങൾക്കും പ്രിയങ്കരനായിരുന്നു.
അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞ് രാവിലെ മുതൽ ചെറുകോലിലെ വസതിയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇന്നലെ ഉച്ചയോടെ വിലാപയാത്രയായി മാവേലിക്കര കോൺഗ്രസ് ഭവനിലും ചെന്നിത്തല മണ്ഡലം കോൺഗ്രസ് ഓഫീസിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാർ ജനത്തിരക്കായിരുന്നു. മൂന്ന് മണിയോടെ ചെറുകോലുള്ള വീട്ടിൽ എത്തിച്ച മൃതദേഹം കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല എം.എൽ.എ, പി.സി വിഷ്ണുനാഥ് എം.എൽ.എ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കെ.പി.സി.സി നേതാക്കളായ കെ.സി ജോസഫ്, എ.എ ഷുക്കൂർ, കറ്റാനം ഷാജി, ഇ.സമീർ, മാന്നാർ അബ്ദുൽ ലത്തീഫ്, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, വൈസ് പ്രസിഡന്റ് കെ.ആർ മുരളീധരൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സുജിത് ശ്രീരംഗം, അനി വർഗീസ്, ഡി.സി.സി അംഗങ്ങളായ അജിത് പഴവൂർ, റ്റി.കെ ഷാജഹാൻ, ഷഫീഖ് റ്റി.എസ്, ചെന്നിത്തല ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിനു സി.വർഗീസ്, തോമസുകുട്ടി കടവിൽ, സേവ്യർ കുന്നുംപുറത്ത്, മുൻ ഗ്രാമ പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത്, പി.ബി.സൂരജ്, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം, മധു ജി.വടശ്ശേരിൽ, തമ്പി കൗണടിയിൽ, ജോൺ ബഹനാൻ തുടങ്ങി നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കാനായി ഇന്നലെ എം.മുരളിയുടെ വസതിയിലെത്തിയത്.
സ്കൂട്ടറിലെ പിൻസീറ്റ് സഞ്ചാരി
ചെന്നിത്തല, മാവേലിക്കര, മാന്നാർ പ്രദേശങ്ങളിലെ വീടുകളിൽ നടക്കുന്ന വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ എം.മുരളിയുടെ സാന്നിദ്ധ്യം എന്നും ഉറപ്പായിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെ എവിടെയും കയറിച്ചെന്നിരുന്ന ഇദ്ദേഹം പേരെടുത്ത് ഓരോരുത്തരെയും വിളിക്കുന്ന തരത്തിൽ ചിരപരിചിതനായിരുന്നു. സ്കൂട്ടറിന്റെ പിൻസീറ്റിൽ ഇരുന്നായിരുന്നു സഞ്ചാരം. എത്തേണ്ടിടത്ത് എത്താൻ എം.മുരളി ആരുടെ സ്കൂട്ടറിന്റെ പിന്നിലും കയറി സന്തോഷത്തോടെ കയറിക്കൂടും. ജനങ്ങളും ഇത് ഏറെ ഇഷ്ടപ്പെട്ടിരുന്നു.