ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണവുമായി കോംപറ്റീഷൻ കമ്മിഷൻ

Friday 06 February 2026 12:43 AM IST

ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ മൂന്നു ലക്ഷത്തോളം യാത്രക്കാരെ വലച്ച ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ (സി.സി.ഐ). വിമാന സർവീസുകളിൽ തങ്ങൾക്കുള്ള ആധിപത്യം ഇൻഡിഗോ ദുരുപയോഗം ചെയ്‌തുവെന്ന് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാണിത്. ഇൻഡിഗോ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിനെതിരെ സി.സി.ഐയുടെ ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോംപറ്റീഷൻ കമ്മിഷൻ ചെയർപേഴ്സൺ രവ്നീത് കൗർ,​അംഗങ്ങളായ അനിൽ അഗ്രവാൾ,​ശ്വേത കക്കഡ്,​ദീപക് അനുരാഗ് എന്നിവരടങ്ങിയ കോറമാണ് ഉത്തരവിറക്കിയത്. യാത്രക്കാരുടെ പരാതിയിലാണിത്. ഡി.ജി.സി.എ തുടങ്ങിയവയ്‌ക്കാണ് അന്വേഷണം നടത്താൻ അധികാരമെന്ന് ഇൻഡിഗോ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. ഒന്നോ,​രണ്ടോ റൂട്ടുകളിൽ മാത്രമല്ല സർവീസ് റദ്ദാക്കലുകളുണ്ടായത്. രാജ്യവ്യാപക പ്രതിസന്ധിയുണ്ടാക്കി. ആഭ്യന്തര സർവീസുകളുടെ 60%ൽപ്പരം കൈയാളുന്നത് ഇൻഡിഗോയാണ്. അതിനാൽ മാർക്കറ്റിൽ ആധിപത്യ സ്ഥാനം ഇൻഡിഗോയ്‌ക്കുണ്ട്. ഇതു ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് പ്രഥമദൃഷ്‌ട്യാ ബോദ്ധ്യമായാൽ കമ്മിഷന് ഇടപെടാൻ അധികാരമുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇൻഡിഗോയ്‌ക്ക് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ)​ 22.20 കോടി പിഴയിട്ടിരുന്നു.