യുവാവിന്റെ കൊലപാതകം: സഹോദരൻ അറസ്റ്റിൽ

Friday 06 February 2026 2:19 AM IST

കഞ്ചിക്കോട്: വീടിനുള്ളിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മരിച്ച യുവാവിന്റെ സഹോദരനെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് വാട്ടർടാങ്ക് ജംഗ്ഷൻ ഓൾഡ് പോസ്റ്റ് ഓഫീസ് തെരുവിൽ ആർ.ബാബു(35) മരിച്ച സംഭവത്തിൽ സഹോദരൻ സതീഷ്(37) ആണ് അറസ്റ്റിലായത്. ബാബുവിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരിച്ചത്. ബുധനാഴ്ച്ച പകൽ രണ്ടരയ്ക്കാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയ അമ്മയാണ് മൃതദേഹം കണ്ടത്. അമ്മയും മറ്റ് ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ പൊലീസ് ഇൻക്വിസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് മരണകാരണം നെഞ്ചിലേറ്റ മർദ്ദനമാണെന് സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം മീൻ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സതീഷ് ബാബുവിനെ മർദ്ദിക്കുകയുമായിരുന്നു. വാളയാർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌ഡ് ചെയ്തു.