മോചനമില്ലാതെ കെ.എസ്.ഇ.ബിയുടെ പേരിലും സെെബർ തട്ടിപ്പിന് വ്യാപക ശ്രമം

Friday 06 February 2026 2:21 AM IST

കോഴിക്കോട്: സൈബർ തട്ടിപ്പും അതിനിനിരയാവുന്നവരുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലരുടെയും ലക്ഷക്കണക്കിന് പണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇപ്പോൾ

കെ.എസ്.ഇ.ബിയുടെ പേരിലും പണം തട്ടിപ്പിനുള്ള ആസൂത്രിത പദ്ധതിയുമായി സെെബർ തട്ടിപ്പ് സംഘം എത്തിയിരിക്കുകയാണ്. കണക്റ്റഡ് ലോഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണിത്.

കണക്റ്റഡ് ലോഡ് പുതുക്കാമെന്ന പേരിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയാണ് തട്ടിപ്പ് ശ്രമം.

വാട്സാപ്പ് നമ്പറിലേക്ക് അയക്കുന്ന ഫയൽ അയക്കുന്നതിലൂടെയാണ് തുടക്കം. കോഴിക്കോട്ടും മലപ്പുറത്തും ഉൾപ്പെടെ ഇത്തരം ശ്രമം അടുത്തിടെ നടന്നതായി പൊലീസ് പറയുന്നു. മലപ്പുറം മങ്കടയിലെ ഒരു കുടുംബം തട്ടിപ്പിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കണക്റ്റഡ് ലോഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകാർ വിളിച്ചതിൽ സംശയം തോന്നി കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെ ജാഗ്രത പാലിക്കാൻ സെെബർ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്ടും ഇത്തരം സംഭവങ്ങളുണ്ടാകുന്നതായാണ് സെെബർ പൊലീസിന് ലഭിച്ച സൂചന. പരാതിപ്പെടാൻ പലരും മടിക്കുന്നത് കുറ്റവാളികളെ പിടികൂടുന്നതിന് തടസമാകുന്നു.

കഴിഞ്ഞവർഷം സൈബർ തട്ടിപ്പിലൂടെ കോഴിക്കോട് നഗരവാസികളിൽനിന്ന് തട്ടിയെടുത്തത് 32.78 കോടിയാണ്. വഞ്ചിതരായവരിൽ 90 ശതമാനം പേരും ഓൺലെെൻ ട്രേഡിംഗിലൂടെ പണം നഷ്ടപ്പെട്ടവരാണ്. ഓഹരി വിപണിയിലെ തട്ടിപ്പ് ഉൾപ്പെടെ വ്യത്യസ്തമായ 1848 പരാതികളാണ് കഴിഞ്ഞവർഷം കോഴിക്കോട് സൈബർ പൊലീസിൽ ലഭിച്ചത്. ഇതിൽ 7.46 കോടി വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളിലായി മരവിപ്പിച്ചിട്ടുണ്ട്.

----- 'ഓപ്പറേഷൻ' വിദേശത്തു നിന്ന്

ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ പണം നഷ്ടപ്പെട്ട നിരവധിപേർ കോഴിക്കോട്ടുണ്ട്. കോഴിക്കോട്ടുകാരിയായ വൃദ്ധയ്ക്ക് കഴിഞ്ഞമാസം 36 ലക്ഷം നഷ്ടപ്പെട്ടത് ഇതുവരെ തിരിച്ചുപി‌ടിക്കാനായിട്ടില്ല. പരാതിപ്പെടാൻ വെെകിയതാണ് കാരണം. പണം നഷ്ടപ്പെട്ട വിവരമറിഞ്ഞ് ആദ്യ ഒരു മണിക്കൂറിനുള്ളിൽ പൊലീസിലറിയിച്ചാൽ പണമിടപാട് നടത്തിയ അക്കൗണ്ട് മരവിപ്പിക്കാം. തുടർന്ന് പണം തിരികെ ലഭിക്കും. കംബോഡിയ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ വ്യാജ ലിങ്ക് അയച്ചു നൽകി ഒ.ടി.പി നമ്പർ കൊടുത്ത് ആപ്പ് വഴി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

തട്ടിപ്പിനിരയായാൽ പരാതിപ്പെടേണ്ട നമ്പർ 1930

വെബ് സെെറ്റ് www. cybercrime.gov.in