ലോഡ്ജിൽ വീട്ടമ്മയുടെ മരണം കൊലപാതകം; ഒപ്പമുണ്ടായിരുന്ന അയൽവാസി തൂങ്ങിമരിച്ചു
കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ലോഡ്ജിൽ മുറിയെടുത്ത ഇവരുടെ അയൽവാസിയെ പിന്നീട് പുഴയോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമയും (50) കെ.പി.വിജയനുമാണ് (50) മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം.
സീമയെ വിജയൻ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പറശിനിക്കടവ് സമ്മർലാന്റ് ഇൻ ലോഡ്ജിൽ വിജയൻ സീമയ്ക്കൊപ്പം മുറിയെടുത്തത്. വൈകിട്ട് ആറോടെ മുറി പൂട്ടി വിജയൻ പുറത്തുപോയി. ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്ന് രാത്രി ഒൻപതോടെ ലോഡ്ജ് അധികൃതർ മുറി പരിശോധിച്ചപ്പോഴാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ വിവരമറിയിച്ചു. വിജയന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നാലെ മാട്ടൂൽ നോർത്തിലെ പുഴയോരത്ത് വിജയനെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇൻക്വസ്റ്റ് നടത്തി. നേരത്തെയും ഇരുവരും ലോഡ്ജിൽ മുറിയെടുത്തിരുന്നുവെന്നാണ് വിവരം. മത്സ്യതൊഴിലാളിയാണ് വിജയൻ. സീമയുടെ ഭർത്താവ് സുരേഷ് രണ്ട് വർഷം മുമ്പ് മരണപ്പെട്ടു. ആദിത്ത്, ശ്രീലക്ഷ്മി എന്നിവരാണ് മക്കൾ. രാജിയാണ് വിജയന്റെ ഭാര്യ. മക്കൾ: വിജിന, വിസ്മയ.