ഇറാൻ - യു.എസ് ആണവ ചർച്ച ഇന്ന്

Friday 06 February 2026 6:38 AM IST

ടെഹ്റാൻ: ​യു.എസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള പരോക്ഷ ആണവ ചർച്ച ഇന്ന് ഒമാനിലെ മസ്‌കറ്റിൽ ആരംഭിക്കും. ഖത്തർ, തുർക്കി, ഈജിപ്റ്റ് എന്നിവരുടെ മദ്ധ്യസ്ഥതയിലാണ് ചർച്ച. യു.എസ് ആവശ്യപ്പെടുന്ന പോലെ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നാണ് ഇറാന്റെ പക്ഷം. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിറുത്താനും ഇറാൻ ഒരുക്കമല്ല.

അതേ സമയം, നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ യുദ്ധമുണ്ടായാലും നേരിടാൻ സജ്ജമാണെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു. ചർച്ച പരാജയപ്പെട്ടാൽ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി ആവർത്തിക്കവെയാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ സായുധ സേനാ വിഭാഗമായ റെവലൂഷണറി ഗാർഡിനെ യൂറോപ്യൻ യൂണിയന് പിന്നാലെ അർജന്റീനയും ഭീകര സംഘടനയായി പ്രഖ്യാപിച്ചു.

ഇതിനിടെ, പേർഷ്യൻ ഉൾക്കടലിൽ ഫാർസി ദ്വീപിന് സമീപത്ത് വച്ച് രണ്ട് എണ്ണ ടാങ്കറുകളെ ഇറാൻ ഇന്നലെ പിടിച്ചെടുത്തു. അനധികൃത എണ്ണക്കടത്ത് ആരോപിച്ചായിരുന്നു നടപടി. വിദേശികളായ 15 ക്രൂ അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഇവരെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 ആക്രമണത്തിന് സജ്ജം: ദൃശ്യങ്ങൾ പുറത്ത്

ഇറാന് സമീപം അറബിക്കടലിൽ നിലയുറപ്പിച്ച യുദ്ധക്കപ്പലുകളുടെ ദൃശ്യങ്ങൾ യു.എസ് നേവി പുറത്തുവിട്ടു. യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയിൽ യുദ്ധവിമാനങ്ങൾ തയ്യാറെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം എബ്രഹാം ലിങ്കണിനെ ലക്ഷ്യമാക്കിയെത്തിയ ഇറാനിയൻ ഡ്രോണിനെ യു.എസ് നേവിയുടെ എഫ് - 35 സി യുദ്ധവിമാനം തകർത്തിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

എബ്രഹാം ലിങ്കൺ ഉൾപ്പെടെ 10 യുദ്ധക്കപ്പലുകൾ അടങ്ങുന്ന നാവിക വ്യൂഹത്തെയും ഏകദേശം 6 ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളെയുമാണ് യു.എസ് മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏതുനിമിഷവും വ്യോമാക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് ഇവയുടെ വിന്യാസം.