ചൈനയുടെ ശക്തിയെ വെല്ലുവിളിക്കാൻ ഇന്ത്യ, അയൽരാജ്യത്തിന് സുഖോയ് വിമാനങ്ങൾ നവീകരിച്ച് നൽകാമെന്ന് വാഗ്ദാനം
ന്യൂഡൽഹി:പ്രതിരോധ മേഖലയിൽ മികച്ച മുന്നേറ്റമാണ് കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യ നടത്തുന്നത്. ആയുധങ്ങളുടെയും സൈനിക വാഹനങ്ങളുടെയും നിർമ്മാണവും വിതരണവും പരിഷ്‌കരണവും വിവിധരാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ നടത്തുന്നുണ്ട്. ഇത്തരത്തിൽ മലേഷ്യയ്‌ക്ക് പ്രതിരോധ രംഗത്ത് സഹായം വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്‌ച മലേഷ്യ സന്ദർശിക്കുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
ഇരുരാജ്യങ്ങളും ഉപയോഗിക്കുന്ന സമാനമായ പ്രതിരോധ പ്ളാറ്റ്‌ഫോമുകളിൽ തുല്യമായ ആവശ്യകതയുള്ളയിടങ്ങളിലാണ് സഹകരണം ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നത്. വിദേശകാര്യമന്ത്രാലയ സെക്രട്ടറി (ഈസ്റ്റ്) പി കുമാരൻ ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
'ഡോർണിയർ വിമാനങ്ങളുടെ വിൽപനയ്‌ക്കുള്ള സാദ്ധ്യത ഞങ്ങൾ പരിഗണിക്കുകയാണ്. മലേഷ്യയ്‌ക്ക് സ്‌കോർപീൻ അന്തർവാഹിനികളുണ്ട് അവ നവീകരിക്കാനും റെട്രോഫിറ്റിംഗിനുമായി അവർ ശ്രമിക്കുകയാണ്. മലേഷ്യയ്‌ക്ക് ഇന്ത്യയിലേത് പോലെ സുഖോയ്-30 വിമാനങ്ങളുണ്ട് അവയുടെ നവീകരണത്തിനും അപ്‌ഗ്രേഡ് ചെയ്യാനും മിഡ് ലൈഫ് അറ്റകുറ്റപ്പണികൾക്കുമായി നമ്മൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ കപ്പൽശാലകളിൽ കപ്പലുകളും അന്തർവാഹിനിയുമടക്കം നിർമ്മാണ- വിതരണങ്ങൾ വിവിധ മേഖലയിൽ അവർക്കായി എന്തെങ്കിലും ചെയ്‌തുനൽകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ച ഡോർണിയർ 228 വിമാനങ്ങൾ മലേഷ്യൻ കോസ്‌റ്റ‌്ഗാർഡ് വാങ്ങാനുള്ള സാദ്ധ്യതയും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നുണ്ട്. ഏഴ് വിമാനങ്ങളാണ് മലേഷ്യയ്‌ക്ക് ആവശ്യമുള്ളത്. ട്വിൻ ടർബോപ്രോപ് വിമാനമായ ഡോർണിയർ നാവികസേനയും കോസ്റ്റ്‌ഗാർഡും മറ്റ് വിവിധ കമ്പനികളും ഉപയോഗിക്കുന്നുണ്ട്. സമുദ്രതല നിരീക്ഷണത്തിനും, രക്ഷാപ്രവർത്തനങ്ങൾക്കും മലിനീകരണ പരിശോധനയ്‌ക്കും ഡോർണിയർ ഇന്ത്യയിൽ ഉപയോഗിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനാണ് ഈ കരാർ കൊണ്ട് ഉദ്ദേശിക്കുന്നത്.
നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ചേർന്ന് ചൈന ശക്തമായ വ്യാപാര-പ്രതിരോധ കരാറുകൾ ഏർപ്പെട്ടിട്ടുണ്ട്. മലേഷ്യയുമായും നല്ല ബന്ധമാണ്. ഇവിടെ നാവിക-വ്യാപാര ബന്ധം ശക്തിപ്പെടുത്തി മേഖലയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.