ആരും സ്വന്തമാക്കാൻ കൊതിക്കും ഈ ടാറ്റ കാറിനെ, ബുക്കിംഗ് ഒരുലക്ഷം പിന്നിട്ടു, കാത്തിരിക്കേണ്ടത് മൂന്ന് മാസത്തോളം

Friday 06 February 2026 12:51 PM IST

മിഡ്‌‌സൈസ്‌ എസ്‌യുവികളുടെ നിരയിൽ ഇന്ത്യയിൽ കഴിഞ്ഞ കുറച്ചുനാളായി മുന്നിലുള്ളത്‌ ഹ്യുണ്ടായ് ക്രെറ്റയാണ്. ഈ നിരയിൽ ഇപ്പോൾ ഹ്യുണ്ടായ്‌ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ. 90കളിൽ നിർമ്മാണം ആരംഭിക്കുകയും 2003ൽ വിപണിയിൽ നിന്ന് പിൻവാങ്ങുകയും ചെയ്‌ത ത്രീഡോർ മിഡ്‌സൈസ് എസ്‌യുവിയാണ് ടാറ്റ സിയറ. 2025 നവംബർ 25ന് സിയറയെ ടാറ്റ വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, മടങ്ങിവരവിൽ സിയറയെ ഇന്ത്യക്കാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു എന്നതാണ് കാണുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായി 24 മണിക്കൂറിൽ 70,000 ബുക്കിംഗ് സിയറയ്‌ക്ക് ലഭിച്ചിരുന്നു. ഏറ്റവും പുതിയ വിവരമനുസരിച്ച് ഒരുലക്ഷം ബുക്കിംഗ് സിയറ പിന്നിട്ടിരിക്കുകയാണ്. ഇതോടെ വാഹനത്തിന്റെ നിർമ്മാണം ടാറ്റ ത്വരിതപ്പെടുത്തി. നിലവിൽ മൂന്ന് മാസമാണ് സിയറയുടെ വെയിറ്റിംഗ് പിരീഡ്. ഇവ ബുക്ക് ചെയ്‌തവർക്ക് ലഭ്യമാകുന്നതോടെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് സിയറ ഭരിക്കാനാണ് സാദ്ധ്യത.

ടാറ്റയുടെ ഹാരിയറിനും സഫാരിക്കും ഒന്ന്‌ മുതൽ രണ്ട് മാസം വരെയാണ് ‌ ഇപ്പോൾ വെയിറ്റിംഗ് പിരീഡ്. ഏഴ് വേരിയന്റുകളിലായാണ് ടാറ്റ സിയറയെ വിപണിയിലെത്തിക്കുന്നത്. പ്രാരംഭ വില 11.49 ലക്ഷം രൂപയാണ്. മൂന്ന് പവർട്രെയിൻ ഓപ്‌ഷനുകളാണ് സിയറയ്‌ക്കുള്ളത്. 1.5 ലിറ്റർ നാച്ചുറലി അസ്‌പെയേർഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് സിയറയ്‌ക്കുള്ളത്. എഡബ്ളിയുഡി വേരിയന്റ് ടാറ്റ വൈകാതെ സിയറയ്‌ക്ക് അവതരിപ്പിക്കും. ഓൾ ഇലക്‌ട്രിക് വേർഷനും ഉണ്ടാകുമെന്നാണ് വിവരം. വരുംദിവസങ്ങളിൽ പ്രതിമാസം 15,000 യൂണിറ്റ് സിയറ നിർമ്മിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.