പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ? തിരിച്ചറിയാൻ ഈ എട്ട് സൂചനകൾ ശ്രദ്ധിക്കുക; വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
ജീവിതപങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ അതൊക്കെ തനിക്ക് പെട്ടെന്ന് മനസിലാകുമെന്ന് വിശ്വസിക്കുന്നവരാണ് പലരും. എന്നാൽ വഞ്ചനയുടെ ലക്ഷണങ്ങൾ നമ്മൾ വിചാരിക്കുന്നതിലും വളരെ സൂക്ഷ്മമാണെന്നാണ് മനഃശാസ്ത്രവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പങ്കാളിയുടെ പെരുമാറ്റത്തിലെ എട്ട് മാറ്റങ്ങൾ വഞ്ചനയുടെ ലക്ഷണങ്ങളാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
സംസാരത്തെ നിയന്ത്രിക്കാൻ ശ്രമിക്കുക മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുമ്പോൾ നിങ്ങൾ പറഞ്ഞുതുടങ്ങുന്ന കാര്യങ്ങൾ പങ്കാളി ഏറ്റെടുത്ത് സ്വന്തം രീതിയിൽ പെട്ടെന്ന് അവതരിപ്പിക്കാറുണ്ടോ? ബന്ധം ഭദ്രമാണെന്ന് വരുത്തിത്തീർക്കാനും പുറത്തുള്ളവർക്ക് നിങ്ങളുടെ ബന്ധത്തെക്കുറിച്ച് തെറ്റിദ്ധാരണ നൽകാനുമുള്ള ശ്രമമാണിതെന്ന് പഠനങ്ങൾ പറയുന്നു.
എല്ലാ കാര്യങ്ങളോടും പെട്ടെന്നുണ്ടാകുന്ന യോജിപ്പ്
മുൻപ് തർക്കിച്ചിരുന്ന കാര്യങ്ങളിൽ പങ്കാളി നിലവിൽ പെട്ടെന്ന് വഴങ്ങുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം. തർക്കം നീണ്ടുപോയാൽ തങ്ങളുടെ രഹസ്യങ്ങൾ പുറത്താകുമോ എന്ന ഭയം കാരണം വിഷയം മാറ്റാനായി നിങ്ങൾ പറയുന്ന എല്ലാ അഭിപ്രായങ്ങളെയും അവർ പെട്ടെന്ന് അംഗീകരിച്ചേക്കാം.
സ്വകാര്യത മനഃശാസ്ത്രപരമായ വാക്കാണ് ബൗണ്ടറീസ് അഥവാ അതിർവരമ്പുകൾ. ഇത് ഉപയോഗിച്ച് അമിതമായ സ്വകാര്യത ആവശ്യപ്പെടുന്നത് വഞ്ചനയുടെ സൂചനയാകാം. ഫോൺ തൊടാൻ അനുവദിക്കാതിരിക്കുകയോ അമിതമായി പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റുകയോ ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്.
ആശ്വാസ ഭാവങ്ങൾ സംശയകരമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകഴിഞ്ഞ് നിങ്ങൾ വിഷയം മാറ്റുമ്പോൾ പങ്കാളിയുടെ മുഖത്ത് പെട്ടെന്ന് വലിയൊരു ആശ്വാസം പ്രകടമാകുന്നുണ്ടോ? എങ്കിൽ അവർ എന്തോ ഒളിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.
ആവശ്യമില്ലാത്ത വിശദീകരണങ്ങൾ എവിടെയായിരുന്നു എന്ന് ചോദിക്കുമ്പോൾ ആവശ്യമില്ലാത്ത അത്രയും വിവരങ്ങളും ചെറിയ കാര്യങ്ങൾ പോലും വിസ്തരിച്ച് പറയുന്നതും ഒരു പ്രതിരോധ തന്ത്രമാണ്. കള്ളം സത്യമെന്ന് വരുത്തിത്തീർക്കാൻ അവർ ഇതിലൂടെ കഥകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്.
തമാശയും പരിഹാസവും ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിനെ തമാശയാക്കി തള്ളുകയോ പരിഹസിച്ച് സംസാരിക്കുകയോ ചെയ്യുന്നത് സത്യം തുറന്നുപറയാതിരിക്കാനുള്ള മറയാണ്. വികാരങ്ങളെ ആഴത്തിൽ സ്പർശിക്കാതെ മുങ്ങാനുള്ള വഴിയാണിത്.
നിങ്ങളെ 'വില്ലൻ' ആക്കാനുള്ള ശ്രമം സ്വന്തം തെറ്റുകളിൽ നിന്ന് ശ്രദ്ധതിരിക്കാൻ പങ്കാളിയെ കുറ്റപ്പെടുത്തുന്നത് വഞ്ചകരുടെ പതിവ് രീതിയാണ്. നിങ്ങൾ മറ്റൊരളോട് സംസാരിക്കുന്നത് വലിയ കുറ്റമായി കാണുകയും, ചെറിയ തെറ്റുകളെ പർവ്വതീകരിച്ച് നിങ്ങളെ വില്ലനായി ചിത്രീകരിക്കുന്നതും അവരുടെ കുറ്റബോധം മറയ്ക്കാനാണ്.
ശരീരഭാഷയിലുണ്ടാകുന്ന മാറ്റങ്ങൾ സംസാരിക്കുമ്പോൾ വിക്കൽ, ശ്വാസം അടക്കിപ്പിടിക്കുന്നത് പോലെ തോന്നുക, കണ്ണ് ചിമ്മാതെ നോക്കിയിരിക്കുക, കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുക തുടങ്ങിയ ശാരീരിക മാറ്റങ്ങൾ കള്ളം പറയുന്നവരിൽ കണ്ടുവരാറുണ്ട്.
അതേസമയം, ഈ ലക്ഷണങ്ങൾ എല്ലാം കണ്ടതുകൊണ്ട് മാത്രം പങ്കാളി വഞ്ചിക്കുന്നു എന്ന് ഉറപ്പിക്കാനാവില്ല. എങ്കിലും, നിങ്ങളുടെ ബന്ധത്തിൽ ആശയവിനിമയം കുറയുകയും ഇത്തരം മാറ്റങ്ങൾ പ്രകടമാവുകയും ചെയ്യുന്നുണ്ടെങ്കിൽ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ വിദഗ്ദ്ധരുടെ സഹായം തേടുന്നതിന് സമയമായി എന്ന് മനസിലാക്കാം.