പാകിസ്ഥാനിൽ ജുമാ നമസ്ക്കാരത്തിനിടെ ചാവേർ ആക്രമണം: 31മരണം; 160 പേർക്ക് പരിക്ക്

Friday 06 February 2026 5:06 PM IST

ഇസ്ലമാബാദ്: പാകിസ്ഥാനിൽ ജുമാ നമസ്‌‌ക്കാരത്തിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 160 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പൊലീസ് അറിയിച്ചു. തലസ്ഥാനമായ ഇസ്ലമാബാദിലെ ഷെഹ്സാദ് ടൗണിലെ തർലായ് ഇമാംബാർഗയിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ ഷിയാ വിഭാഗത്തിന്റെ പ്രധാന ആരാധാനാലയമാണിത്.

പള്ളിയുടെ കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണം നടത്തിയത് ഒരു വിദേശിയാണെന്നും നിരോധിത സംഘടനയായ തെഹ്‌‌രീകെ താലിബാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനിടെ ഇസ്ലമാബാദിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ചാവേർ ആക്രമണമാണിത്. നേരത്തെ ജില്ലാ സെഷൻസ് കോടതിക്ക് പുറത്തുണ്ടായ ആക്രമണത്തിലും 12 പേർ കൊല്ലപ്പെട്ടിരുന്നു. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്ഥാനിൽ എത്തിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.