എംഡിഎംഎ വില്പന തടയാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ  ശ്രമം; രണ്ടുപേർ പിടിയിൽ

Friday 06 February 2026 5:46 PM IST

മലപ്പുറം: ലഹരി പരിശോധനയ്‌ക്കെത്തിയ മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം ചെറുമുക്ക് പള്ളിക്കൽ താഴത്താണ് സംഭവം. എക്സൈസ് സ്പെഷൽ സ്ക്വാഡ് പ്രിവന്റിവ് ഓഫിസർ പി പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫിസർ വിപിൻ (35) എന്നിവർക്ക് പരിക്കേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

വ്യാഴാഴ്ച ഉച്ചക്ക് 12:30നാണ് സംഭവം. മുന്നിയൂർ തലപ്പാറ സ്വദേശി കൈതകത്ത് അഹ്‌മൽ (32) മമ്പുറം കാവുങ്ങൽ പാറ സ്വദേശി മുഹമ്മദ്‌ ഷഫീക് (30 )എന്നിവരെ താനൂർ പൊലീസ് പിടികൂടി. 2025 സെപ്തംബർ നാലിന് 05.21 ഗ്രാം മെത്താംഫെറ്റമെെൻ കൈവശം വച്ച കേസിൽ പ്രതിയായ ചെറുമുക്ക് പള്ളിക്കത്താഴം വയലോരത്ത് താമസിക്കുന്ന പറമ്പേരി ഖദീജയുടെ മകൻ കെ പി സഹലിനെ ( 29) മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വഡിന്റെ നേതൃത്വത്തിൽ പിടികൂടി പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

ജാമ്യത്തിൽ ഇറങ്ങിയ സഹൽ വീണ്ടും എംഡിഎംഎ വില്പന തുടങ്ങിയതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് എക്സൈസ് ഉദ്യോഗസ്‌ഥർ മഫ്തിയിൽ സ്കൂട്ടറിൽ പരിശോധനയ്ക്കായി ചെറുമുക്ക് പള്ളിക്കൽ താഴത്ത് എത്തിയത്. അതിനിടെ സമീപത്തെ റോഡിൽ നിർത്തിയിട്ടിരുന്ന 'KL 52 C 3251' ഓട്ടോറിക്ഷയിൽ സഹലും സംഘവും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ കാറിലേക്ക് കയറി എക്സൈസ് ഉദ്യോഗസ്‌ഥരുടെ നേരെ പാഞ്ഞെത്തി. സ്കൂ‌ട്ടറിൽ ഇടിച്ചശേഷം അൽപം ദൂരം മുന്നോട്ട് കൊണ്ടുപോയി. തുടർന്ന് കാറുമായി ചെമ്മാട് സി കെ നഗർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് കെെയിനും കാലിനും പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാരാണ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിച്ചത്.