ട്രെയിൻയാത്രയ്ക്കിടെ വിദ്യാർത്ഥിനികളുടെ മൊബൈൽഫോണുകൾ മോഷ്ടിച്ചു

Saturday 07 February 2026 12:38 AM IST

കൊച്ചി: ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകൾ കേന്ദീകരിച്ച് മോഷണം വ്യാപകം. മംഗള-ലക്ഷദ്വീപ് എക്സ്‌പ്രസ് ട്രെയിനിൽ മംഗലാപുരത്തുനിന്ന് എറണാകുളത്തേക്കുവന്ന വിദ്യാർത്ഥിനികളുടെ മൂന്ന് മൊബൈൽ ഫോണുകൾ മോഷണം പോയി. ഇവയ്ക്ക് 1.34 ലക്ഷംരൂപ വിലവരും. ഇന്നലെ പുലർച്ചെ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ അഞ്ചാംനമ്പർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ റിസർവേഷൻ കോച്ച് ആറിലായിരുന്നു മോഷണം. വിദ്യാർത്ഥിനികളുടെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസിൽ പരാതി നൽകി.

കോട്ടയം മുട്ടപ്പള്ളി പുലിപ്രവീട്ടിൽ ദിൽഷാന, ഇടുക്കി കല്ലേപ്പാലം പ്ലാക്കിൽ വീട്ടിൽ അനന്യ എന്നിവരുടെ ഫോണുകളാണ് കവർന്നത്. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പുവരെ ഫോണുകൾ കൈവശമുണ്ടായിരുന്നു. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ഇരുവരും ഉറങ്ങിപ്പോയി. ഈ സമയത്തായിരുന്നു മോഷണം. എറണാകുളത്തിനും തൃശൂരിനുമിടെയും ട്രെയിനുകളിൽ മോഷണം വ്യാപകമാണ്. യാത്രക്കാരുടെ ലാപ്ടോപ്പുകൾ, മൊബൈൽഫോണുകൾ, ചാർജറുകൾ എന്നിവയാണ് കവരുന്നത്.