92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്നത് കുഞ്ഞികൃഷ്ണന്റെ ഭാവനാവിലാസം, കണക്ക് ജനങ്ങളെ ബോധിപ്പിക്കുമെന്ന് കെ കെ രാഗേഷ്

Friday 06 February 2026 7:17 PM IST

കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ മാദ്ധ്യമങ്ങളെ കണക്ക് ബോധിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു,​ സാധാരണ നിലയിൽ പാർട്ടിയുടെ വരവുചെലവ് കണക്കുകൾ പാർട്ടികമ്മിറ്റിയിലാണ് അവതരിപ്പിക്കാറുള്ളത്. ജനങ്ങൾ ആവശ്യപ്പെട്ടാൽ വേണമെങ്കിൽ കൊടുക്കും,​ മാദ്ധ്യമങ്ങൾ ജനങ്ങളെയാകെ പ്രതിനിധീകരിക്കുന്നവരല്ല എന്നും രാഗേഷ് ചൂണ്ടിക്കാട്ടി.

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സി.പി.എം വിരുദ്ധരുടെ ഒത്തുചേരലായിരുന്നെന്നും രാഗേഷ് ആരോപിച്ചു. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ജില്ലാസെക്രട്ടറി വ്യക്തമാക്കി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് സി.പി.എം നേതാവായ ടി.ഐ. മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് പറഞ്ഞു.

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റർമാർ പരിശോധിച്ച് പാർട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാർട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാർട്ടി മെമ്പർമാരോടും പറഞ്ഞിട്ടുണ്ട്. അവരോടേ പറയേണ്ടതുള്ളൂ. പാർട്ടി മെമ്പർമാരിൽ നിന്നും പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരിൽ നിന്നും മാത്രമാണ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാർട്ടി അംഗീകരിച്ച കണക്ക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല. എന്നാൽ നിലവിൽ ഇതുസംബന്ധിച്ച് തെറ്റി്ദ്ധരിപ്പിച്ച സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും കുടുംബ സംഗമവും സംഘടിപ്പിക്കും. ഈ യോഗങ്ങളിൽ കണക്ക് അവതരിപ്പിക്കുമെന്നും രാഗേഷ് പറഞ്ഞു.