കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: 3 യുവാക്കൾ അറസ്റ്റിൽ
Saturday 07 February 2026 1:14 AM IST
കൊച്ചി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുകയും ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നു പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾക്ക് എതിരായ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് സൈബർ വിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡുകൾ. മൊബൈൽഫോണുകൾ, കമ്പ്യൂട്ടറുകൾ ഉൾപ്പെടെ 22 ഉപകരണങ്ങൾ പിടിച്ചെടുത്തു. മരട്, പാലാരിവട്ടം, തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് പ്രതികൾ അറസ്റ്റിലായത്. കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ 36 റെയ്ഡുകളാണ് നടത്തിയത്. അറസ്റ്റിലായവരിൽ അന്യസംസ്ഥാന തൊഴിലാളിയും ഉൾപ്പെടുന്നു.