മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ എത്തുന്നത് നാല് റേഞ്ച് റോവറുകൾ,​ 11.17 കോടി രൂപ അനുവദിച്ച് ബിഹാർ സർക്കാർ

Friday 06 February 2026 9:59 PM IST

പാട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിലേക്ക് റേഞ്ച് റോവർ എസ്.യു.വികൾ വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വാഹനത്തിന് സമാനമായ വാഹനമാണ് നിതീഷ് കുമാറും സ്വന്തമാക്കുന്നത്. റേഞ്ച് റോവറിന്റെ നാല് എസ്.യു.വികളാണ് നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിലേക്ക് എത്തുന്നത്. 2.79 കോടി രൂപ വീതം വിലയുള്ള റേഞ്ച് റോവറാണ് ബീഹാർ ‌സർക്കാ‌ർ വാങ്ങുന്നത്. ഇതിനായി 11.17 കോടി രൂപ സർക്കാർ അനുവദിച്ചു.

2025 ജൂലായിലാണ് മുഖ്യമന്ത്രിക്കായി റേഞ്ച് റോവർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന റേഞ്ച് റോവർ എസ്.യു.വികൾ എത്തിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം വാഹനത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വാഹനം ഉടൻ എത്തുമെന്നും ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വാഹനവ്യൂഹത്തിൽ ഇവ ഉൾപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവിൽ തലസ്ഥാനമായ പാട്നയ്ക്കുള്ളിലെ യാത്രകൾക്ക് 50 ലക്ഷം രൂപയിലധികം വിലയുള്ള ഹ്യുണ്ടായി അയോണിക് 5 എന്ന ഇലക്ട്രിക് വാഹനമാണ് നിതീഷ് കുമാർ ഉപയോഗിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള യാത്രകൾക്കായി ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ടാറ്റ സഫാരിയാണ് ഉപയോഗിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള നാല് ഫോർച്യൂണറുകളും ബീഹാർ ആഭ്യന്തര വകുപ്പ് അടുത്തിടെ വാങ്ങിയിരുന്നു.