ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു? മറുപടിയുമായി വി ഡി സതീശന്‍
കാസര്‍കോട്: കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര സഹായത്തിനായി മാത്രം കാത്ത് നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് തടയപ്പെടണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരിക്കലും അമിത് ഷായ്ക്ക് മുന്നില്‍ മുട്ടുവളച്ച് ഇപ്പോഴത്തെ സര്‍ക്കാരിനെപ്പോലെ നില്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് അധിക സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളേയും പ്രതിപക്ഷ നേതാവ് തള്ളിക്കളഞ്ഞു. അതൊക്കെ വെറും വാര്‍ത്തകള്‍ മാത്രമാണെന്നും ഒരു സീറ്റ് പോലും ലീഗ് അധികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ഉപമുഖ്യമന്ത്രിപദം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പം ഏറ്റവും അടുത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അവര്‍ക്ക് അധിക സീറ്റ് ചോദിക്കാന്‍ അധികാരമുണ്ട് അര്‍ഹതയുമുണ്ട്. എന്നാല്‍ ഒരു സീറ്റ് പോലും അവര്‍ അധികം ചോദിച്ചിട്ടില്ല, അധിക സീറ്റ് വേണ്ട എന്ന നിലപാടാണ് ലീഗിനെന്നും സതീശന്‍ പറയുന്നു. യുഡിഎഫ് മുന്നണി വളരെ ശക്തമാണെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഇപ്പോഴത്തെ യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.