സംരക്ഷണം കാത്ത് സമുദ്രാബീച്ച് പാർക്ക്
കോവളം: കോവളം സമുദ്രാബീച്ചിലെ പാർക്കിലെത്തുന്ന സന്ദർശകർ ഇപ്പോൾ നിരാശരാണ്. നാലര വർഷം മുമ്പ് ടൂറിസം വകുപ്പ് 9 കോടിയിലധികം രൂപ ചെലവിട്ട് പാർക്ക് ഗംഭീരമാക്കിയെങ്കിലും അധികൃതരുടെ അനാസ്ഥകാരണം മനോഹാരിത നഷ്ടമാകുന്നുവെന്നാണ് പരാതി.
ആകർഷകമായ ചുവർചിത്രങ്ങൾ,കൽമണ്ഡപങ്ങൾ,ജലധാര,കുട്ടികളുടെ പാർക്ക് എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. കരിങ്കല്ലിൽ കൊത്തിയ ശില്പചാതുരിയോടെയുള്ള ചുറ്റുമതിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. വിശാല ഭിത്തികളിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ വരച്ചിരുന്നു. എന്നാൽ ഇവയെ വേണ്ട രീതിയിൽ സംരക്ഷിക്കാൻ ടൂറിസംവകുപ്പ് തയ്യാറായില്ലെങ്കിൽ പാർക്ക് നശിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
ആകർഷക വിളക്കുകൾ,പുൽത്തകിടി എന്നിവയും നശിച്ചുതുടങ്ങി. പാർക്കിൽ കുട്ടികൾക്കായി ടൂറിസം വകുപ്പ് നിർമ്മിച്ച് നൽകിയ സ്ലൈഡ്,ഡബിൾ സ്വീയിംഗ് എന്നിവയുടെ പലഭാഗങ്ങളും ഒടിഞ്ഞു. ഇതോടെ കളിസ്ഥലം അനാഥമായ അവസ്ഥയിലാണ്. വെള്ളാർ മുതൽ സമുദ്രാബീച്ച് വരെയുള്ള നടപ്പാത ചിലർ കൈയേറിയെന്നും ആരോപണമുണ്ട്. രാത്രിയായാൽ ഇവിടെ വേണ്ടത്ര വഴിവിളക്കുകൾ കത്തുന്നില്ലെന്നും നാട്ടുകാർ പറയുന്നു.