കെസിഎ വിജിലന്‍സ് പരിധിയില്‍ വരില്ല; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

Friday 06 February 2026 11:54 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ആക്ടിന് പരിധിയില്‍ വരുമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.സി.എ. എറണാകുളം ജില്ലാ സെക്രട്ടറി കാര്‍ത്തിക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

ജസ്റ്റിസ് ജെ. ബി. പര്‍ദ്ധിവാല, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ കെ.സി.എ. ഉന്നയിച്ച നിയമപരമായ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിവെച്ചാണ് സുപ്രീം കോടതിയുടെ നടപടി.

ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള വിധി. എന്നാല്‍, അസോസിയേഷന്റെ സ്വയംഭരണാധികാരത്തെയും നിയമപരമായ നിലനില്‍പ്പിനെയും ബാധിക്കുന്നതാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കെ.സി.എ. സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കെ.സി.എയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യമാണെന്നും നിയമപരമായ ചട്ടക്കൂടിനുള്ളിലാണെന്നും അസോസിയേഷന്‍ കോടതിയില്‍ വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ കെ.സി.എയ്ക്ക് വേണ്ടി പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ, അഡ്വ. രജിത് കെ.സി, അഡ്വ. കെ.എന്‍. അഭിലാഷ് എന്നിവര്‍ ഹാജരായി.