പുറുത്തിവിളയിലെ അനധികൃത പാർക്കിംഗ് അപകടമാകുന്നു
പൂവാർ: പുറുത്തിവിളയിൽ അനധികൃത പാർക്കിംഗും സിഗ്നൽ സംവിധാനങ്ങളില്ലാത്തതും കാരണം അപകടങ്ങൾ പതിവാകുന്നു.കഴക്കൂട്ടം - കാരോട് ബൈപ്പാസ് റോഡ് കടന്നുപോകുന്ന തിരുപുറം ഗ്രാമപഞ്ചായത്തിലെ പുറുത്തിവിള ജംഗ്ഷനിലാണ് ഈ ദുരിതം.ബൈപ്പാസ് റോഡ് ഗതാഗതത്തിനായി തുറന്നതോടെ തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങളുടെ തിരക്കാണ്.ഇതുവഴിയുള്ള ചരക്ക് ലോറികളുടെ എണ്ണം വർദ്ധിച്ചതോടെ പുറുത്തിവിള ജംഗ്ഷൻ ലോറിക്കാരുടെ ഇടത്താവളമായി മാറി.ദൂരസ്ഥലങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ പെട്രോൾ നിറയ്ക്കുന്നതിനും, ക്ഷണം കഴിക്കുന്നതിനും നിറുത്താൻ തുടങ്ങിയതോടെ ഗതാഗതക്കുരുക്കും വർദ്ധിച്ചു.
പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്ഷൻ സ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്. റോഡിന്റെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ് മേജർ സിഗ്നൽ ജംഗ്ഷൻ.ഇടയ്ക്ക് മൈനർ ജംഗ്ഷനാക്കി മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ തിരുപുറം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിരുന്നു.തുടർന്ന് ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു.2021ൽ ജില്ലാ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ മേജർ സിഗ്നൽ ജംഗ്‌ഷൻ സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പും നൽകിയിരുന്നു.
അശാസ്ത്രീയമായ നിർമ്മാണം
നാലുവരിപ്പാതയും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് റോഡ് നിർമ്മാണം.കോവളം മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്.സമാന്തര റോഡുകളിൽ നിന്ന് ബൈപ്പാസിലേക്കുള്ള കവാടങ്ങൾ പരമാവധി അടച്ചും സർവീസ് റോഡുകൾ പലയിടത്തും മുറിക്കുന്നതായും പരാതിയുണ്ട്.ബൈപ്പാസിൽ പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.ഇതെല്ലാം ബൈപ്പാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു.
സിഗ്നൽ അനിവാര്യം
ബൈപ്പാസിലെ വലിയ വളവുകളിൽ ഒന്നാണ് പുറുത്തിവിളയിലേത്. ഇവിടെയാണ് പഴയകട കാഞ്ഞിരംകുളം റോഡ് മുറിച്ച് കടന്നുപോകുന്നത്.വലിയ വളവായതിനാൽ ഈ റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങളെ കാണാനും കഴിയില്ല.അതിനാൽ ജംഗ്ഷനിൽ സിഗ്‌നൽ സിസ്റ്റം ആത്യാവശ്യമാണ്.
പുറുത്തിവിള ജംഗ്ഷനിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കിയും,സിഗ്നൽ സിസ്റ്റം സ്ഥാപിച്ചും അപകടങ്ങൾക്ക് അറുതി വരുത്താൻ നടപടി വേണം.
തിരുപുറം ഗോപൻ,
ഡി.സി.സി ജനറൽ സെക്രട്ടറി,
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഫോട്ടോ: നിയന്ത്രിക്കാൻ ആകാതെ പുറുത്തിവിളയിലെ അനധികൃത പാർക്കിംഗ്.