മണിപ്പൂരിൽ കനത്ത ജാഗ്രത, പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിൽ
ഇംഫാൽ: മണിപ്പൂരിലെ യുംനാം ഖേംചന്ദ് സിംഗ് സർക്കാർ മന്ത്രിസഭയിൽ ബി.ജെ.പിയിലെ കുക്കി വിഭാഗം എം.എൽ.എമാർ ചേരുന്നതിൽ പ്രതിഷേധം രൂക്ഷമായി. കുക്കി സ്വാധീനമേഖലയായ ചുരാചന്ദ്പൂർ,കാംഗ്പോക്പി,തെംഗ്‌നൗപൽ ജില്ലകളിൽ അടക്കം പതിനായിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്. ബി.ജെ.പിയിലെ കുക്കി വിഭാഗം വനിതാ നേതാവ് നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. കുക്കി വിഭാഗം എം.എൽ.എമാരായ എൽ.എം. ഖൗതെ, എൻ. സനാതെ എന്നിവർ മന്ത്രിമാരാകുമെന്നും സൂചനയുണ്ട്. സമുദായത്തെ വഞ്ചിച്ചെന്ന് ആരോപിച്ച് മൂന്നുപേരുടെയും കോലം പ്രതിഷേധക്കാർ കത്തിച്ചു. കിപ്‌ഗെൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. കുക്കികൾക്ക് പ്രത്യേക ഭരണകൂടം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുക്കി സോ കൗൺസിലടക്കം സംഘടനകൾ. കുക്കി എം.എൽ.എമാർ മന്ത്രിസഭയിൽ ചേരരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പാകാത്തതാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണം. എം.എൽ.എമാരെ സാമൂഹികമായി ബഹിഷ്‌കരിക്കാൻ കുക്കി-സോ ഗോത്ര വിഭാഗങ്ങൾ ആഹ്വാനം ചെയ്‌തു. എം.എൽ.എമാരെ വധിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം ചില തീവ്ര സംഘടനകൾ പ്രഖ്യാപിച്ചു. ചുരാചന്ദ്പൂരിൽ ഇന്നലെ കുക്കി വിമൻ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും (കെ.ഡബ്ല്യു.ഒ.എച്ച്.ആർ) ഇൻഡിഗ്നിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ (ഐ.ടി.എൽ.എഫ്) വനിതാ വിഭാഗവുമാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. വ്യാഴാഴ്ച അർദ്ധരാത്രിയിൽ അവിടെ പ്രതിഷേധക്കാരും സുരക്ഷാ സേനയുമായുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ പ്രതിഷേധം ശക്തമാകുകയായിരുന്നു.
സുരക്ഷ വർദ്ധിപ്പിച്ചു
കുക്കി എം.എൽ.എമാരുടെ വസതികൾക്ക് സുരക്ഷ ശക്തമാക്കി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും കാര്യങ്ങൾ ക്രമേണ മെച്ചപ്പെടുമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ ഗോത്രസംഘടനയായ ജോയിന്റ് ഫോറം ഒഫ് സെവന്റെ ആഭിമുഖ്യത്തിൽ ചുരാചന്ദ്പൂരിൽ നടന്ന ബന്ദ് സമ്പൂർണമായിരുന്നു. ജനജീവിതം ദുസഹമായി. അസാം റൈഫിൾസിനെ അടക്കം സ്ഥിതി നിയന്ത്രണവിധേയമാക്കാൻ രംഗത്തിറക്കി.
7,313 ആയുധങ്ങൾ പിടിച്ചെടുത്തു
2023 മേയിൽ ആരംഭിച്ച മെയ്തി- കുക്കി വംശീയ കലാപത്തിനുശേഷം 7,313 ആയുധങ്ങളും 83,500ലധികം വെടിയുണ്ടകളും 5,000ത്തിലധികം സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞദിവസം മണിപ്പൂർ നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത ഗവർണർ അജയ് കുമാർ ഭല്ലയാണ് ഇക്കാര്യമറിയിച്ചത്. 924 പേരെ അറസ്റ്റ് ചെയ്തു. മാർച്ചോടെ 10,000ത്തിലധികം കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഗവർണർ പറഞ്ഞു.