പരീക്ഷാ പേ ചർച്ചയിൽ മോദി, കുട്ടികളേ പഠിക്കൂ, നിങ്ങളുടെ സ്റ്റൈലിൽ
ന്യൂഡൽഹി: ആര് എന്ത് ഉപദേശിച്ചാലും സ്വന്തം സ്റ്റൈലിൽ പഠിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് പറഞ്ഞപ്പോൾ
കുട്ടികളുടെ മുഖത്ത് സന്തോഷം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിൽ സംഘടിപ്പിച്ച പരീക്ഷാ പേ ചർച്ചയുടെ 9-ാം എഡിഷനിലാണ് മോദിയുടെ ഉപദേശം. പഠനരീതിയെക്കുറിച്ച് മാതാപിതാക്കളും അദ്ധ്യാപകരും വെവ്വേറെ അഭിപ്രായം പറയുമ്പോൾ ആശയക്കുഴപ്പമുണ്ടാകുന്നുവെന്ന് ഗുജറാത്തിലെ വിദ്യാർത്ഥി പറഞ്ഞു. ഇതിനോട് മോദിയുടെ പ്രതികരണം ഇങ്ങനെ; 'പ്രധാനമന്ത്രിയായ താൻ എങ്ങനെ പ്രവർത്തിക്കണമെന്ന് വ്യത്യസ്‌ത രീതിയിലാണ് പലരും ഉപദേശിക്കുന്നത്. എല്ലാവർക്കും സ്വന്തം ശീലങ്ങളും രീതികളുമുണ്ട്. അത് ഭക്ഷണം കഴിക്കുന്നതിലാണെങ്കിലും, പഠിക്കുന്നതിലാണെങ്കിലും. ചിലർക്ക് രാത്രിയിലും മറ്റു ചിലർക്ക് പുലർച്ചെയും പഠിക്കുന്നതായിരിക്കും താത്പര്യം. സ്വന്തം രീതികളെ കുട്ടികൾ വിശ്വസിക്കണം. സ്വന്തം അനുഭവങ്ങളിൽ നിന്ന് മനസിലാക്കി പഠനരീതി മെച്ചപ്പെടുത്തണം. സ്വപ്‌നമില്ലാത്തത് കുറ്റകൃത്യമാണ്. എപ്പോഴും ഒരു സ്വപ്നം കാണുക'. കുട്ടികളിൽ ജിജ്ഞാസ വർദ്ധിപ്പിക്കാൻ അദ്ധ്യാപകർ മുൻകൈയെടുക്കണം. കുട്ടികളെ അവരുടെ കഴിവും താത്പര്യവുമനുസരിച്ച് വളർന്നുപന്തലിക്കാൻ അനുവദിക്കണമെന്ന് മാതാപിതാക്കളോടും ആവശ്യപ്പെട്ടു. മലയാളിയായ ശ്രീഹരി വി. പങ്കെടുത്തു. കുട്ടികൾക്ക് അസാമീസസ് ഗമോസാസ് (ഷാൾ) നൽകി. കുട്ടികളുടെ കലാപരിപാടികൾ മോദി ആസ്വദിച്ചു. ആദ്യ എപ്പിസോഡാണ് ഇന്നലെ പുറത്തുവിട്ടത്. 9നാണ് രണ്ടാമത്തെ എപ്പിസോഡ്.
'മോദി മന്ത്ര'
1. എളുപ്പം കരസ്ഥമാക്കാനാകാത്ത ലക്ഷ്യങ്ങളുണ്ടായിരിക്കണം.
അതിനായി പ്രവർത്തിക്കണം
2.പഠനം,കഴിവ്,വിശ്രമം,ഹോബികൾ എന്നിവ സന്തുലിതമായി കൊണ്ടുപോകണം
3.പുസ്‌തകങ്ങൾ അറിവുനൽകുന്നു. എന്നാൽ പരിശീലനം
മാത്രമാണ് പ്രൊഫഷണൽ വൈദഗ്ദ്ധ്യമുള്ളവരാക്കുന്നത്
4. ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ച് സമയം പാഴാക്കരുത്
5. വിദ്യാഭ്യാസം പരീക്ഷകൾക്ക് മാത്രമല്ല, ജീവിതത്തിനും കൂടിയാണ്
6. പരീക്ഷകൾ സ്വയം പരിശോധിക്കണം, പരീക്ഷകൾ
ഉത്സവങ്ങളാണ്. അവ ആഘോഷിക്കുക
7.സ്വയം കണ്ടെത്തുക, ജീവിതം വാഗ്ദാനം ചെയ്യുന്നതെല്ലാം അനുഭവിക്കുക
8.എ.ഐ വിവേകത്തോടെ ഉപയോഗിക്കുക, ജ്ഞാനം വർദ്ധിപ്പിക്കുക
വൻപങ്കാളിത്തം
വിദ്യാർത്ഥികൾ,മാതാപിതാക്കൾ,അദ്ധ്യാപകർ എന്നിവരടക്കം രാജ്യത്തെ 4.5 കോടി പേർ പരീക്ഷാ പേ ചർച്ചയിൽ പങ്കെടുത്തു. രാജ്യത്തെയും വിദേശത്തെയും സ്‌കൂളുകളിൽ ലൈവ് സ്ട്രീമിംഗ് നടത്തി. 2018ലാണ് മോദി പരീക്ഷാ പേ ചർച്ചയ്‌ക്ക് തുടക്കമിട്ടത്.