ആം ആദ്മി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി
അമൃത്സർ: പഞ്ചാബിൽ പട്ടാപ്പകൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി.
ജലന്ധറിലെ മോഡൽ ടൗണിലുള്ള ഗുരുദ്വാരയ്ക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. ലക്കി കാർ പാർക്ക് ചെയ്യുന്നതിനിടെ
ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അഞ്ച് വെടിയുണ്ടകളേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും വ്യക്തിവൈരാഗ്യമാണോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിനുപിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വ ചോദിച്ചു. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനാണ് കാരണമെന്നും ആരോപിച്ചു. ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാലയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്കി ഒബ്രോയിയുടെ ഭാര്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.