മമത പ്രകോപന പ്രസംഗങ്ങൾ നടത്തുന്നുവെന്ന് തിര. കമ്മിഷൻ
സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ പുരോഗമിക്കുന്ന പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി പ്രകോപന പ്രസംഗങ്ങൾ നടത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതു വരെ ബംഗാൾ പൊലീസിനെ കമ്മിഷന്റെ പരിധിയിലാക്കണമെന്ന പൊതുതാത്പര്യഹർജിയിലാണിത്. തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നേരെ പലയിടത്തും ആക്രമണങ്ങൾ നടക്കുന്നു. അവരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ല. എസ്.ഐ.ആർ പ്രക്രിയയ്‌ക്ക് ബുദ്ധിമുട്ട് നേരിടുന്നത് ബംഗാളിൽ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിൽ സുഗമമായി നടക്കുന്നു. മമതയുടെ പ്രസംഗങ്ങൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ഭയത്തിന്റേതായ അന്തരീക്ഷം സൃഷ്‌ടിച്ചിരിക്കുകയാണെന്നും കമ്മിഷൻ വ്യക്തമാക്കി.