ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

Saturday 07 February 2026 2:10 AM IST

കൊണ്ടോട്ടി: മദ്യലഹരിയിൽ ബാർ ജീവനക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി രാജനെയാണ് (60) ആറംഗ സംഘം ഇരുമ്പുവടികൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ ചേലേമ്പ്ര സ്വദേശികളായ പ്രേംജിത്ത് (32), സുധീഷ് (36), പൊന്നാനി സ്വദേശി ഷൈജുദാസ് (36), കൈതക്കുണ്ട സ്വദേശി അഖിലേഷ് (32), ഒളവണ്ണ സ്വദേശി അഖിൽ (31) എന്നിവരാണ് പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട ഒരാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് രാത്രി 11 മണിയോടെ കുളത്തൂർ ജംഗ്ഷനിലെ ബാറിന് മുന്നിലായിരുന്നു സംഭവം. ബാർ അടയ്ക്കാനുള്ള സമയമായിട്ടും പുറത്തുപോകാതെ ബഹളമുണ്ടാക്കിയ സംഘത്തെ ജീവനക്കാർ തടഞ്ഞതാണ് അക്രമത്തിന് കാരണമായത്. അവിടെനിന്നും പുറത്തിറങ്ങിയ പ്രതികൾ, ജീവനക്കാരെ ആക്രമിക്കാനായി പുറത്ത് കാത്തുനിന്നു. ജോലി കഴിഞ്ഞ് ആദ്യം പുറത്തിറങ്ങിയ രാജനെ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് താമസസ്ഥലത്തേക്ക് ഓടിക്കയറിയ രാജനെ പിന്തുടർന്നെത്തിയ സംഘം അവിടെവെച്ചും ക്രൂരമായി മർദ്ദിച്ചു. രാജന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വലതുകൈ ഒടിയുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമിസംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഫോട്ടോ :പ്രേംജിത്