35 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്  പ്രതി മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റിൽ

Saturday 07 February 2026 2:10 AM IST
പൂനെയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ പ്രതി സാഗർ ഗണേഷ് അമ്പിക

കോട്ടയം: ഷെയർ ട്രേഡിംഗ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ റിസ്‌കില്ലാതെ കൂടുതൽ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈക്കം സ്വദേശിനിയിൽ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്ത അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ. മഹാരാഷ്ട്ര പൂനെ സ്വദേശി സാഗർ ഗണേഷ് അമ്പിക (25) നെയാണ് അറസ്റ്റ് ചെയ്തത്.

2024ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഫോൺ നമ്പരിൽ നിന്നും വാട്‌സ് ആപ്പ് കോളിൽ വിളിച്ച് കമ്പനിയെക്കുറിച്ച് വിശദീകരിച്ചു. ശേഷം കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്താൽ ഷെയർ മാർക്കറ്റ് പോലെ റിസ്‌ക് ഇല്ലാതെ ഫിക്‌സഡായിട്ട് നല്ല തുക കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഫോണിലൂടെ നൽകിയ ആപ്പ് ഡൗൺലോഡ് ചെയ്യിച്ച് ഇതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങി. വിശ്വാസ്യതയ്ക്കായി ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരികെ നൽകി. ഇടപാടുകാരൻ പണം പിൻവലിക്കാൻ റിക്വസ്റ്റ് കൊടുത്തപ്പോൾ പണം അക്കൗണ്ടിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രതിയുടെ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോഴാണ് ഫോൺ നമ്പർ നിലവിലില്ലെന്നും തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് വൈക്കം പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തി. കേസിൽ ഉൾപ്പെട്ട പ്രതിയുടെ ബാങ്ക് അക്കൗണ്ട് മഹാരാഷ്ട്രയിലാണെന്നും പൂനെയിലെ വീടും കണ്ടെത്തി. പ്രതി ജോലി ചെയ്യുന്ന ഐ.ടി കമ്പനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ഗിരീഷ്, എ.എസ്.ഐമാരായ രാജീവ്, സെയ്‌നി സെബാസ്റ്റ്യൻ, സി.പി.ഒ പ്രമീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റിന് നേതൃത്വം നൽകി.