ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് കിരീട നേട്ടം ആരോണിന്റെ കോട്ടയത്തും ആഹ്ലാദം സിക്സടിച്ചു
കോട്ടയം: സിംബാബ്വെയിൽ ഇംഗ്ലണ്ടിന്റെ വെല്ലുവിളി മറികടന്ന് യുവ ഇന്ത്യ അണ്ടർ -19 ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യന്മാരാകുമ്പോൾ ടീമിന്റെ ഓപ്പണർ കോട്ടയംകാരൻ ആരോൺ ജോർജ് ജില്ലയുടെ അഭിമാനമായി. സെമിഫൈനലിൽ അഫ്ഗാനിസ്ഥാനുയുർത്തിയ റൺമല താണ്ടി സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റെടുത്തു കൊടുത്തത് കോട്ടയത്ത് ജനിച്ച് ഹൈദരാബാദിൽ കളിച്ചു വളർന്ന ആരോണായിരുന്നു. മാവേലിക്കര സ്വദേശിയായ സാനു വർഗീസിന്റെയും കോട്ടയം സ്വദേശിനി പ്രീതി വർഗീസിന്റെയും മകനാണ് ആരോൺ ജോർജ് വർഗീസ്. വലിയ സന്തോഷം, കൊച്ചുമകനും ടീമും ലോകചാമ്പ്യന്മാരാകുന്നത് ടി.വിയിൽ കണ്ടതിന്റെ ആഹ്ലാദത്തിൽ കോട്ടയം കീഴ്ക്കുന്ന് എലിപ്പുലിക്കാട്ടുകടവ് വാക്കുപറമ്പിൽ വി.ജെ തോമസും ഭാര്യ സാറാ ജോർജും പറഞ്ഞു. തോമസും സാറയും പ്രീതിയുടെ മാതാപിതാക്കളാണ്. ഇരുവരും കോട്ടയം എം.ജി യൂണിവേഴ്സിറ്റി റിട്ട.രജിസ്ട്രാർമാരാണ്. കോട്ടയത്തെ വീട്ടിൽ പ്രാർത്ഥനയോടെ ഇന്ത്യയുടെ കിരീട നേട്ടം കണ്ട ആരോണിന്റെ മുത്തശ്ശനും മുത്തശ്ശിയും നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും ലഡ്ഡു നൽകിയാണ് സന്തോഷം പങ്കുവച്ചത്. ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തിലേക്കുളള യാത്രയിൽ ആരോണിന്റെ ബാറ്റിംഗ് നിർണായകമായിരുന്നു.
കോട്ടയം ടു ഹൈദരാബാദ് ആരോണിന്റെ മാമ്മോദീസായ്ക്ക് ശേഷം കുടുംബം ഹൈദരാബാദിൽ സെറ്റിലായി. നാലാംക്ലാസ് മുതൽ പ്ലാസ്റ്റിക് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളി ആരംഭിച്ചതാണ് ആരോൺ. പിന്നീട് ക്രിക്കറ്റിനോടുള്ള ഇഷ്ടവും ഒപ്പം വളർന്നു. സ്കൂളിൽ പോയി പഠനമില്ലായിരുന്നു. ക്രിക്കറ്റായിരുന്നു ആരോണിന് എല്ലാം. ഹൈദരാബാദിൽ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് ഇപ്പോൾ ആരോൺ. സാനു വർഗീസ് ഹൈദരാബാദിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലായിരുന്നു. എന്നാൽ പിന്നീട് ആരോണിന്റെ ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലേക്ക് മാറി. ഹൈദരാബാദ് നഗരത്തിൽ താമസവും തുടങ്ങി. മാതാവ് പ്രീതി ഹൈദരാബാദിൽ ഓൺലൈൻ ട്യൂഷൻ കോച്ചിംഗ് നടത്തുന്നു. സഹോദരി അനന്യ ഗോദറേജ് കമ്പനിയുടെ അസിസ്റ്റന്റ് മാനേജർ ലോയറാണ്.