പാകിസ്ഥാനിൽ പള്ളിയിൽ സ്‌ഫോടനം: 31 മരണം

Saturday 07 February 2026 7:17 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 169 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് ഷെഹ്‌സാദ് ടൗണിലെ ഷിയാ പള്ളിയിൽ പ്രാർത്ഥനാ സമയത്തായിരുന്നു സ്ഫോടനം. ശരീരത്ത് സ്ഫോടക വസ്തു ഘടിപ്പിച്ചെത്തിയ അക്രമിയെ പള്ളിയുടെ കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത ശേഷം അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രധാന പ്രാർത്ഥനാ ഹാളിലേക്ക് കടന്നില്ല. നൂറുകണക്കിന് പേരാണ് ഹാളിലുണ്ടായിരുന്നത്. കവാടം പൂർണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊലീസും സൈന്യവും മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനി താലിബാൻ (തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) ആകാമെന്ന് കരുതുന്നു. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാൻ. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു.

# സുരക്ഷാ വീഴ്ച

ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്‌കത്ത് മിർസിയോയേവ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ച ഇസ്ലാമാബാദിൽ എത്തിയ പിന്നാലെയാണ് സ്ഫോടനം. ഷവ്‌കത്തിന്റെ വരവിന് മുന്നോടിയായി ഇസ്ലാമാബാദിൽ റോഡുകൾ അടച്ചും സൈനികരെ വിന്യസിച്ചും സുരക്ഷാ വലയം തീർത്തിരുന്നു. രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനം സർക്കാരിന്റെ വൻ സുരക്ഷാ പാളിച്ചയാണെന്ന് കാട്ടി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ നവംബറിൽ ഇസ്ലാമാബാദിൽ അഫ്ഗാൻ പൗരൻ നടത്തിയ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.