മാസ്റ്റർപ്ലാനുമായി ട്രംപ്; ഇറാനുമായി കച്ചവടം നടത്തിയാൽ പണികിട്ടും, അമേരിക്കയുടെ പുതിയ ഉത്തരവ്

Saturday 07 February 2026 8:05 AM IST

വാഷിംഗ്‌ടൺ: ഇറാനുമായി സാമ്പത്തിക ഇടപാടുകൾ തുടരുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്താനുള്ള പുതിയ ഉത്തരവിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ഇത് ബാധകമായിരിക്കും. ഏകദേശം 25 ശതമാനം വരെ ഇറക്കുമതി തീരുവ നൽകേണ്ടി വരുമെന്നാണ് സൂചന.

"ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാവില്ല" എന്ന തന്റെ ഉറച്ച നിലപാട് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ലോകരാജ്യങ്ങളെ ഇറാനിൽ നിന്ന് അകറ്റിനിർത്തി സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ് ട്രംപ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഒമാനിൽവച്ച് അമേരിക്ക-ഇറാൻ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് നിർണായക നീക്കം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നറും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അടങ്ങുന്ന സംഘമാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.

ചർച്ചകൾ വളരെ പോസിറ്റീവ് ആണെന്നും ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നുമാണ് എയർഫോഴ്സ് വണ്ണിൽ ട്രംപ് പ്രതികരിച്ചത്. എന്നാൽ ഒരു കരാറിൽ എത്തിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ നിലയങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ സുപ്രധാന ചർച്ചയാണിത്.

നിലവിൽ ഇറാന്റെ ആണവ പദ്ധതികൾ, മിസൈൽ വികസനം, ഭീകരവാദത്തിനുള്ള പിന്തുണ എന്നിവ തടയുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ മാസം ഇറാനിൽ നടന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെട്ടതിനെ തുടർന്ന് അമേരിക്ക, മേഖലയിൽ വൻ സൈനിക സന്നാഹവും ഒരുക്കിയിട്ടുണ്ട്. ഇറാൻ ഇതിനെയെല്ലാം സമാധാനപരമായ പദ്ധതികൾ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. വരും ആഴ്ചകളിൽ നടക്കുന്ന ചർച്ചകൾ ലോകത്തിനുതന്നെ നിർണായകമാകുമെന്നാണ് സുചന.