ഉള്ളി കയറ്റിവന്ന ലോറിക്കുള്ളിൽ വൻ സ്‌ഫോടക വസ്തുക്കൾ; സംഭവം മലപ്പുറത്ത്

Saturday 07 February 2026 10:50 AM IST

മലപ്പുറം: ഉള്ളികൊണ്ടുവന്ന ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ സ്‌ഫോടക വസ്തു ശേഖരം പൊലീസ് പിടികൂടി. മലപ്പുറം ചെമ്മാടാണ് സംഭവം. ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ വയർ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറി ഡ്രെെവർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്ക് ഉള്ളിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടിവന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസും സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയത്. 'KL 10 BF 8395' എന്ന നമ്പറിലുള്ള ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ 130 ഉള്ളിച്ചാക്ക് ഉണ്ടായിരുന്നു അതിന്റെ അടിയിൽ വച്ചാണ് സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്നത്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം,​ രണ്ടുദിവസം മുൻപ് പാലക്കാട് ദേശീയ പാതയിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് തൃശൂരിലേക്ക് പോയ വാഹനം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. വാഹനത്തിൽ നൂറിലധികം പെട്ടികളുണ്ടായിരുന്നു. തമിഴ്‌നാട് ധാരാപുരം തുപ്പൂരിൽ നിന്ന് കൊണ്ടുവന്ന തണ്ണിമത്തൻ ചാക്കുകൾക്കിടയിലാണ് അനധികൃത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.