'കഴുത്തിൽ കത്തിവച്ച് പരമാവധി വേദനിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്, സഹപ്രവർത്തകയും ഒത്താശചെയ്തു'- സ്പാ ബലാത്സംഗക്കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ

Saturday 07 February 2026 10:59 AM IST

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുകളുമായി അതിജീവിതയായ ജീവനക്കാരി. കഴുത്തിൽ കത്തിവച്ചാണ് നഗ്നയാക്കിയതെന്നും ബലാത്സംഗം ചെയ്തതെന്നും അതിജീവിത പറഞ്ഞു. സ്പായിലെ തന്റെ സഹപ്രവർത്തകയും ബലാത്സംഗത്തിന് ഒത്താശചെയ്തെന്നും അതിജീവിത ആരോപിച്ചു. ഒരു സ്വകാര്യചാനലിനോടാണ് അതിജീവിത ദുരനുഭവങ്ങൾ വിവരിച്ചത്.

'ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം എന്നാണ് മരണസുബിൻ പറഞ്ഞത്. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയശേഷമായിരുന്ന ക്രൂരപീഡനം. പരമാവധി വേദനിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്. എല്ലാത്തിന്റെയും വീഡിയോ സുബിൻ ചിത്രീകരിച്ചു. സെൽഫിയും എടുത്തു. സ്പായിലുണ്ടായിരുന്ന ഒരു കസ്റ്റമറെ മർദിച്ചശേഷം ഡ്രസില്ലാതെ നിറുത്തി ഫോട്ടോയെടുത്തു. രാഷ്ട്രീയത്തിലും പൊലീസിനും ഉന്നത സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും മരണസുബിൻ പറഞ്ഞു. കാപ്പാകേസിലെ പ്രതിയായ താൻ രണ്ടുദിവസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്നും അയാൾ പറഞ്ഞു. ഉപദ്രവത്തിനിരയായശേഷം താൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്പായിലെ സഹപ്രവർത്തക ഗുണ്ടാസംഘത്തിലെ ആൾക്കാർക്കൊപ്പം ചിരിച്ചുകളിച്ചുനിൽക്കുന്നത് കണ്ടു'- യുവതി പറഞ്ഞു.

ആക്രമണം ഗുണ്ടാപ്പിരിവല്ലെന്നും ക്വട്ടേഷൻ നൽകിയിട്ടാണെന്നും സ്‌പാ സെന്ററിന്റെ ഉടമ ഡോ. സഞ്ജയ്‌ ആരോപിച്ചിരുന്നു. തിരുവല്ലയിലെ മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നും തന്റെ ബിസിനസ് തകർക്കുകയാണ് ലക്ഷ്യമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

'ഗുണ്ടാ സംഘം നടപ്പിലാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം അല്ല നടന്നത്. ഗുണ്ടാപിരിവ് വിരോധം പൊലീസിന്റെ കഥയാണ്. പൊലീസും ഗുണ്ടകളും തമ്മിൽ കൂട്ടുക്കെട്ടുണ്ട്. പൊലീസ് എന്റെ മൊഴി എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പരാതി നൽകും'- സഞ്ജയ് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.അതേസമയം, കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം.