ബഹിരാകാശ ദൗത്യത്തിന്റെ സാങ്കേതികവിദ്യയുമായി ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ

Sunday 08 February 2026 10:41 PM IST

തൊടുപുഴ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ- 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്‌കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്. മുതലക്കോടം സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ്. 124 സ്‌കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ഓൺലൈനായി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾക്കാണ് പ്രോഗ്രാമിംഗിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നത്.

 പ്രോഗ്രാമിങ് സെക്ഷനുകൾ

ഐ.എസ്.ആർ.ഒ,​ നാസ മോഡൽ

ഐ.എസ്.ആർ.ഒയും നാസയും ബഹിരാകാശ ദൗത്യങ്ങളിൽ റോവറുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അതേ സാങ്കേതിക തത്വങ്ങളാണ് പ്രോഗ്രാമിങ് സെഷനുകളുടെ അടിസ്ഥാനം. കുറഞ്ഞ ബാൻഡ് വിഡ്ത്തിലും ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രോട്ടോക്കോൾ ഉപയോഗിച്ചുമാണ് ഉപകരണങ്ങൾ തയ്യാറാക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, കുഴൽക്കിണറുകൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് നേരിട്ട് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവർ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ് ക്യാമ്പിൽ പരിചയപ്പെടുന്നത്.

 റോബോട്ടിക് കിറ്റുകൾ

അത്യാധുനികം

സ്‌കൂളുകളിലേക്ക് വിതരണം ചെയ്ത പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ അത്യാധുനിക സവിശേഷതകളോട് കൂടിയതാണ്. ഐ.ഒ.ടി സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി - 32 ഡെവലപ്‌മെന്റ് ബോർഡാണ് ഇതിലെ പ്രധാന ഘടകം. ഇതിനുപുറമെ അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ മോഷൻ, ലൈൻ ട്രാക്കിംഗ് തുടങ്ങിയ വിവിധ സെൻസറുകളും, 4 ഡബ്ല്യു.ഡി സ്മാർട്ട്കാർ ഷാസികിറ്റ്, സബ്‌മെഴ്സിബിൾ മിനി വാട്ടർ പമ്പ് എന്നിവയുണ്ട്. ഇവ ഉപയോഗിച്ച് സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങൾ, കാഴ്ച പരിമിതർക്കുള്ള സ്മാർട്ട് ഉപകരണങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്ടുകൾ തനിയെ നിർമ്മിക്കാനാകും.ഇത് തയ്യാറാക്കുന്നതിനൊപ്പം ബ്ലോക്ക് കോഡിങ്, പൈത്തൺ, സി എന്നീ പ്രോഗ്രാമിങ് ഭാഷകൾ പ്രായോഗികമായി പഠിക്കാനും അവസരം ലഭിക്കും. ക്യാമ്പ് ഇന്ന് സമാപിക്കും.