ടൈറ്റിൽ നിലനിറുത്തി, പുതിയ താരങ്ങളുമായി കെ.ടി. കുഞ്ഞുമോൻ, ജെന്റിൽമാൻ 2 ഉപേക്ഷിച്ചു

Sunday 08 February 2026 6:16 AM IST

തമിഴകത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന വിശേഷണത്തിന് ഉടമയായ കെ.ടി. കുഞ്ഞുമോന്റെ രണ്ടാം വരവിന് തുടക്കം കുറിച്ച ജെന്റിൽമാൻ 2 ഉപേക്ഷിച്ചു.

25 ശതമാനം ചിത്രീകരിച്ച ശേഷം ആണ് ഉപേക്ഷിക്കുന്നത്. മറ്റൊരു സിനിമയുടെ കഥയുമായി ജെന്റിൽമാൻ 2വിനു ബന്ധം ഉണ്ടെന്നു അറിഞ്ഞതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. 2023 ആഗസ്റ്റ് 22ന് ബ്രഹ്മാണ്ഡ തുടക്കത്തോടെയായിരുന്നു പൂജ. ഗോകുൽകൃഷ്ണന്റെ സംവിധാനത്തിൽ 2023 സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ പ്രദർശനത്തിന് എത്തിക്കാനായിരുന്നു തീരുമാനം. പുതുമുഖം ചേതൻ ചീനുവിനെയായിരുന്നു നായകനായി നിശ്ചയിച്ചത്. മലയാളത്തിന്റെ ബാലതാരമായി വളർന്ന നയൻതാര ചക്രവർത്തിയും പ്രിയലാലും ആയിരുന്നു നായികമാർ. അതേസമയം മറ്റൊരു കഥയിൽ ജെന്റിൽമാൻ 2 എന്ന പേരിൽ പുതിയ സിനിമ നിർമ്മിക്കാനാണ് കെ.ടി. കുഞ്ഞുമോന്റെ തീരുമാനം. താരങ്ങളും സംവിധായകനും ഉൾപ്പെടെ ഒട്ടുമിക്ക അണിയറ പ്രവർത്തകരും മാറും.എന്നാൽ

ജെന്റിൽമാൻ 2വിലെ നായികമാരിൽ ഒരാളായിരുന്ന നയൻതാര ചക്രവർത്തിക്ക് മാറ്റം ഉണ്ടാകില്ലെന്നാണ് വിവരം.

1993-ൽ സംവിധായകൻ ഷങ്കർ തരംഗമാക്കി മാറ്റിയ ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗമായാണ് ജെന്റിൽമാൻ 2 പ്ളാൻ ചെയ്തത്. കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച ജെന്റിൽമാനിൽ എ.ആർ. റഹ്‌മാൻ, വൈരമുത്തു ടീം ഒരുക്കിയ 'ഒട്ടകത്തെ കെട്ടിക്കോ" ഉൾപ്പെടെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകളായി. എം.എം. കീരവാണിയുടെ സംഗീതത്തിൽ വൈരമുത്തുവിന്റെ ഗാനം ചിത്രീകരിക്കാൻ 8 കോടി വരെ ബഡ്ജറ്റായാലും അത്ഭുതപ്പെടേണ്ടെന്ന് ജെന്റിൽമാൻ 2 പൂജാവേളയിൽ കെ.ടി കുഞ്ഞുമോൻ പറഞ്ഞിരുന്നു. ജൂണിൽ ചിത്രീകരണത്തിനു ഒരുങ്ങുന്ന ജെന്റിൽമാൻ 2വിൽ കീരവാണി - വൈരമുത്തു ടീം തന്നെയാണ് ഗാനങ്ങൾ ഒരുക്കുക.