പടയപ്പ മദപ്പാടിൽ, ഭയപ്പാടിൽ നാട്ടുകാർ

Sunday 08 February 2026 10:22 PM IST

മൂന്നാർ: മൂന്നാറിൽ മദപ്പാടിലുള്ള കാട്ടുകൊമ്പൻ പടയപ്പ ജനവാസമേഖലയിൽ നിന്നും പിൻവാങ്ങാൻ തയ്യാറാകാത്തത് പ്രതിസന്ധിയാകുന്നു. ജനവാസ മേഖലയിൽ സ്ഥിരസാന്നിദ്ധ്യമായ കാട്ടുകൊമ്പൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദപ്പാടിലായതോടെ പിൻവാങ്ങാതെ സ്വൈരവിഹാരം നടത്തുന്നതാണ് നാട്ടുകാരെയും വനംവകുപ്പിനേയും ഒരേ പോലെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസം ചൊക്കനാട് എസ്റ്റേറ്റിലെത്തിയ കാട്ടുകൊമ്പൻ തോട്ടം തൊഴിലാളികൾക്ക് നേരെ തിരിഞ്ഞതോടെ തൊഴിലാളികൾ ഭയന്നോടിയിരുന്നു. ലോക്ക് ഹോർട്ട് മേഖലയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടയടക്കം തകർത്തും നാശനഷ്ടം വരുത്തി. വനംവകുപ്പുദ്യോഗസ്ഥരും ആർ.ആർ.റ്റിയും കാട്ടാനയെ നിരീക്ഷിച്ച് വരുന്നുണ്ട്. ആനയുടെ സഞ്ചാര ദിശയടക്കമുള്ള വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും മദപ്പാടിന്റെ കാലയളവിൽ പടയപ്പ ആക്രമണ സ്വഭാവം പുറത്തെടുത്തിരുന്നു. പടയപ്പയെ കൂടാതെ മൂന്നാർ മേഖലയിൽ വിഹരിക്കുന്ന മറ്റ് ചില കാട്ടുകൊമ്പൻമാരും മദപ്പാടിലെന്നാണ് വിവരം.