ജനല്‍ പൊളിച്ച് അകത്ത് കയറി, ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം

Saturday 07 February 2026 9:39 PM IST

പരവൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം.സംഭവത്തില്‍ പ്രതി പരവൂര്‍ കൂനയില്‍ പാലമൂട്ടില്‍ പടിഞ്ഞാറ്റതില്‍ രാജിത്ത് (28) പരവൂര്‍ പൊലീസിന്റെ പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ രാജിത്ത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് പീഡന ശ്രമം നടന്നത്. വീടിന്റെ ജനാല പൊളിച്ച് മാറ്റിയാണ് രാജിത്ത് യുവതിയുടെ മുറിയിലേക്ക് പ്രവേശിച്ചത്.

യുവതിയുടെ മുറിയിലേക്ക് എത്തിയപ്പോള്‍ ഉറങ്ങിക്കിടക്കുന്നതാണ് പ്രതി കണ്ടത്. ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി രാജിത്തിലേക്ക് എത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.

രാജിത്തിനെതിരെ പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് നരഹത്യശ്രമ കേസുകളും എന്‍.ഡി.പി.എസ് കേസും, അക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഖില്‍, ബിജു, എസ്.സിപിഒ അനൂപ് സി.പി.ഒ വിശാഖ്, അന്‍ഷാദ് എന്നിവര അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.