ബൈക്കിൽപ്പോയ സി.പി.എം നേതാവിനെ ബൈക്കിൽ കയർ കെട്ടിവീഴ്ത്തി ആക്രമിച്ചു
Sunday 08 February 2026 1:13 AM IST
കോതമംഗലം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സി.പി.എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി ടി.എം. അബ്ദുൾഅസീസിനെ റോഡിന് കുറുകെ കയർകെട്ടിവീഴ്ത്തി ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് മേതല പള്ളിപ്പടിയിലാണ് സംഭവം. പരിക്കേറ്റ ഇദ്ദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ചയുണ്ടായ മറ്റൊരു സംഘർഷത്തിൽ പരിക്കേറ്റയാളെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ടി.എം. അബ്ദുൾ അസീസ്. റോഡിൽവീണ ഇദ്ദേഹത്തെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചെന്ന് നേതാക്കൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ നേതാക്കളെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് മേതലയിൽ പ്രകടനം നടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഏരിയാ സെക്രട്ടറി കെ.എ. ജോയി ആവശ്യപ്പെട്ടു.