പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചതായി പരാതി

Sunday 08 February 2026 12:41 AM IST

കല്ലമ്പലം: പരീക്ഷ കഴിഞ്ഞ് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചതായി പരാതി. കെ.ടി.സി.ടി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയും ആലംകോട്, കാവുനട,എം.എ.ആർ മൻസിലിൽ ആർ.നൗഫിയയുടെ മകനുമായ മുഹമ്മദ് സെയ്ദലിക്കാണ് പ്ലസ് വൺ ഹുമാനിറ്റീസ് ബാച്ചിലെ വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേറ്റത്.

ഇതുസംബന്ധിച്ച് സെയ്ദലിയുടെ മാതാവ് കല്ലമ്പലം പൊലീസിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകി.

ഇക്കഴിഞ്ഞ 22ന് സ്‌കൂളിലെ മോഡൽ പരീക്ഷയ്‌ക്കുശേഷം പുറത്തിറങ്ങിയ സെയ്ദലിയെ പത്തോളം പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവരം വിദ്യാർത്ഥി തന്നെ വീട്ടിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് മാതാവ് നൗഫിയ എത്തി സ്കൂൾ അധിക‍ൃതർക്കൊപ്പം കെ.ടി.സി.ടി ആശുപത്രിയിൽ സെയ്ദലിയെ പ്രവേശിപ്പിക്കുകയായിരുന്നു. പൂർവ വൈരാഗ്യമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തോളെല്ലിലും കൈയ്ക്കും പൊട്ടലും കഴുത്തിന് പരിക്കുമുള്ള വിദ്യാർത്ഥിയെ കൊല്ലം ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തന്റെ മകന് നീതി ലഭിക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നതുമാണ് കുടുംബത്തിന്റെ ആവശ്യം