താമരശ്ശേരി ചുരം വ്യൂപോയിന്റിൽ , പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നു
വൈത്തിരി: താമരശ്ശേരി ചുരം വ്യൂപോയിന്റിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നു. കൊക്കയിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. വ്യൂപോയിന്റിൽ വാഹനങ്ങൾ നിർത്തുന്നതും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമല്ല. വിനോദസഞ്ചാരികളുടെ നിരവധി വാഹനങ്ങളാണ് ഇവിടെ നിർത്തിയിടുന്നത്. വനഭൂമി ഉൾപ്പെട്ട കൊക്കയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനാൽ വൻതോതിലാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. മാലിന്യം വൻതോതിൽ തള്ളുന്നത് വനത്തിന്റെ സ്വാഭാവികതയ്ക്ക് തിരിച്ചടിയാവുകയാണ്. കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് താമരശ്ശേരി ചുരത്തിലെ സ്ഥിരം കാഴ്ചയാണ്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയെത്തുന്ന സ്ഥലത്താണ് ഇത്തരത്തിൽ മാലിന്യം കൂടിക്കിടക്കുന്നത്. വയനാട് വിനോദസഞ്ചാരികൾ ആദ്യം എത്തുന്നത് താമരശ്ശേരി ചുരത്തിലാണ്. വ്യൂപോയിന്റിൽ നിന്നുള്ള കാഴ്ചകൾ കണ്ടാണ് ഭൂരിഭാഗംപേരും വയനാട്ടിലേക്ക് എത്തുന്നത്. തുടക്കത്തിൽ തന്നെ ഇവർക്ക് മാലിന്യം കുമിഞ്ഞു കൂടിയ കാഴ്ച കണ്ട് വയനാട്ടിലേക്ക് എത്തേണ്ട സാഹചര്യമാണ്. മാലിന്യം തള്ളുന്നത് തടയാൻ യാതൊരുവിധ നടപടിയുമില്ല. പുതുപ്പാടി പഞ്ചായത്തിന്റെ ഭാഗമാണ് താമരശ്ശേരി ചുരം. മാലിന്യം തള്ളരുതെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സന്നദ്ധ സംഘടനകളെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി പലതവണ മാലിന്യങ്ങൾ നീക്കം ചെയ്‌തെങ്കിൽ വീണ്ടും കുമിഞ്ഞു കൂടുകയാണ്. സ്ഥലത്ത് സി.സി.ടി.വി സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ നടപടിവേണമെന്ന ആവശ്യം ശക്തമാണ്. ഇതിലൂടെ വിലക്ക് ലംഘിച്ച് ചുരത്തിൽ നിർത്തിയിടുന്ന വാഹനങ്ങളെയും പിടികൂടാൻ കഴിയും.