തപാൽ ഓഫീസുകൾക്ക് പൂട്ട് വീണുതുടങ്ങി

Sunday 08 February 2026 1:59 AM IST

തൊടുപുഴ: ലാഭകരമല്ലാത്ത തപാൽ ഓഫീസുകൾ അടച്ച്പൂട്ടാനുള്ള തീരുമാനപ്രകാരം ജില്ലയിൽ ഒരു പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടി. തൊടുപുഴ വെസ്റ്റ് തപാൽ ഓഫീസിനാണ് പൂട്ട് വീണത്. ഇതോടെ 52 സബ് പോസ്റ്റ് ഓഫീസുള്ളത് 51ആയി ചുരുങ്ങി. ഈ ഓഫീസിലെ രണ്ട് ജീവനക്കാരുടെ ജോലി മറ്റ് സ്ഥലങ്ങളിലേക്ക് ക്രമീകരിച്ചെങ്കിലും ഭാവിയിൽ കൂടുതൽ ഓഫീസുകളെ നടപടി ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നഷ്ടത്തിലുള്ള ഓഫീസുകളുടെ കൃത്യമായ കണക്ക് പുറത്ത് വിടാത്തതാണ് കാരണം. ജില്ലയിലെ രണ്ട് ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് കീഴിലുള്ള 232 ബ്രാഞ്ച് ഓഫീസുകളിലും, 51 സബ് ഓഫീസുകളിലുമായി ആയിരത്തോളം ജീവനക്കാരുണ്ട്. വരുമാനത്തിന്റെ പേരിൽ ഓഫീസുകൾ പൂട്ടിയാൽ പുതിയ തസ്തികകൾ ഇല്ലാതായി തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് പോസ്റ്റൽ സംഘടനകൾ പറയുന്നു.

 ടാർജറ്റ് ''ഹൈ പ്രഷ‍ർ''

നഷ്ടം നേരിടുന്ന പോസ്റ്റ് ഓഫിസുകളിൽ വരുമാനം വർദ്ധിപ്പിക്കാൻ നിശ്ചിത സമയം നൽകിയിരിക്കുകയാണ്. പോസ്റ്റൽ അക്കൗണ്ട്, നിക്ഷേപങ്ങൾ, ഇൻഷുറൻസ്, തപാൽ ഇടപാടുകൾ എന്നിവയിലൂടെ പരമാവധി വരുമാനം നേടാനാണ് നിർദേശം. എന്നാൽ ഇത് ജോലിഭാരത്തിനൊപ്പം അമിത സമ്മർദ്ദം നൽകുന്നതായാണ് ജീവനക്കാരുടെ പരാതി. ന്യായമായ ടാർജറ്റ് അംഗീകരിക്കാമെങ്കിലും അധിക സമ്മർദ്ദം താങ്ങാനാവില്ലെന്ന് ഇവർ പറയുന്നു.

 നഷ്ടം,​

ഫ്രാഞ്ചൈസിക്ക് വഴിമാറും

കെട്ടിടവാടക,​ വൈദ്യുതി ബിൽ, ശമ്പളം അടക്കം ഒരു വർഷം വലിയ സാമ്പത്തിക ബാധ്യതയാണ് ഓരോ പോസ്റ്റ് ഓഫീസുകൾക്കും. ചെലവിന് ആനുപാതികമായി വരുമാനമില്ലാത്തതിനാലാണ് ടാർജറ്റ്. മറ്റ് ബാങ്കുകൾ, സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ എന്നിവയേക്കാൾ സാമ്പത്തിക സുരക്ഷ ഉണ്ടായിട്ടും സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയില്ലെന്ന് കണ്ടെത്തിയതോടെയാണിത്. വ്യക്തികൾക്ക് ഫ്രാഞ്ചൈസി നൽകി സ്വകാര്യവത്ക്കരിക്കാൻ ലക്ഷ്യമിടുന്നതായാണ് എഫ്.എൻ.പി.ഒ, എൻ.എഫ്.പി.ഇ സംഘടനകളുടെ ആരോപണം. പോസ്റ്റൽ ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ നടത്തിയ സായാഹ്നധർണ ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം കെ.വി ജോയി മുഖ്യപ്രഭാഷണം നടത്തി. ജിബിൻ എം ജോസ്, ഡോ. ഗിന്നസ് മാടസ്വാമി, ജോർജ് കുട്ടി ജോസ്, ഡെവിസ് കുര്യാക്കോസ്, തുളസിധരൻ നായർ, രാഹുൽ, അജോ തുടങ്ങിയവർ പ്രസംഗിച്ചു.

.