ഇക്കിളിയിട്ടതിനെ തുടർന്ന് തർക്കം, വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ
പത്തനംതിട്ട: വിദ്യാർത്ഥികൾ തമ്മിൽ ഇക്കിളിയിട്ട് കളിച്ചത് കലാശിച്ചത് ക്രൂരമർദ്ദനത്തിൽ. സഹപാഠികളുടെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് ക്ലാസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഇന്റർവെൽ കഴിഞ്ഞ് ക്ലാസിലെത്തിയപ്പോൾ ഒരു വിദ്യാർത്ഥി സഹപാഠിയുടെ ശരീരത്തിൽ ഇക്കിളിയിട്ടതിൽ നിന്നാണ് തുടക്കം. കളി കാര്യമായപ്പോൾ ആദ്യം ഇരുവരും തമ്മിൽ ഉന്തും തള്ളുമായി. മറ്റു രണ്ട് കൂട്ടുകാരും കൂടി ചേർന്ന് ഇക്കിളിയിട്ട കുട്ടിയെ ക്രൂരമായി തലയിലും മൂക്കിലും ഇടിക്കുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ കുട്ടിയുടെ മൂക്കിന്റെ പാലം രണ്ടുഭാഗത്തായി ഒടിഞ്ഞു. തലയിലും മർദ്ദനമേറ്റു.
പരിക്കേറ്റ കുട്ടിയെ ആദ്യം കലഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പത്തനാപുരത്തും അവിടെ നിന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മൂക്കിന്റെ ഭാഗത്ത് നീരുള്ളതിനാൽ മൂന്നുദിവസം കഴിഞ്ഞ് മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.