മലപ്പുറത്തെ വിഭജിക്കണമെന്ന് സമസ്‌ത
Sunday 08 February 2026 1:36 AM IST
കാസർകോട്: മലപ്പുറത്തെ വിഭജിച്ച് രണ്ടു ജില്ലകളാക്കണമെന്ന് സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. കേരളത്തിൽ വർദ്ധിക്കുന്ന ജനസംഖ്യയും ഭരണ നിർവഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമാണ്.
മലപ്പുറത്ത് 45 ലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും തടസമുള്ളതിനാൽ മലപ്പുറത്തെ വിഭജിക്കേണ്ടത് അത്യാവശ്യമാണ്. 39 പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകളുള്ള തമിഴ്നാടിനെ ഇക്കാര്യത്തിൽ കേരളം മാതൃകയാക്കണം. രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർ നിർണയം യാഥാർത്ഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് രംഗത്തിറങ്ങണമെന്നും കെ. ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.