മാലിന്യം അടിഞ്ഞ് കൂടി വലിയ തോട്; ദുർഗന്ധത്തിൽ പൊറുതിമുട്ടി നാട്ടുകാർ

Sunday 08 February 2026 12:00 AM IST

ഗുരുവായൂർ: ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശത്തെ വലിയ തോട്ടിൽ മാലിന്യം കുമിഞ്ഞ് കൂടി ദുർഗന്ധം വമിക്കുന്നു. മാലിന്യം അടിഞ്ഞ് കൂടി ഒഴുക്കും നഷ്ടപ്പെട്ട അവസ്ഥയാണ്. കക്കൂസ് മാലിന്യമടക്കം തോട്ടിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതുമൂലം സമീപത്തെ വ്യാപാരികളും സ്ഥാപനങ്ങളിലെ ജീവനക്കാരും ദുർഗന്ധത്താൽ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി തോട് വൃത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. വലിയ തോടിന്റെ പലഭാഗത്തും കൈവരികൾ ഇല്ല എന്നത് വഴിയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മമ്മിയൂർ ക്ഷേത്രത്തിലേയ്ക്ക് ദിവസവും നിരവധി ഭക്തരും സമീപത്തെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്കുള്ള വിദ്യാർത്ഥികളും കടന്നുപോകുന്ന ഭാഗമാണ് ഇവിടം. മൂന്ന് വർഷം മുമ്പ് വലിയ തോടിൽ ജലനടത്തം സംഘടിപ്പിക്കാനും ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി ജലം പരിശോധിച്ച് മലിനമാകുന്നതിന്റെ കാരണം കണ്ടെത്തി ജനകീയ ശുചീകരണ യജ്ഞം നടത്തുന്നതിനും നഗരസഭ തീരുമാനമെടുത്തിരുന്നെങ്കിലും നടപടികൾ എവിടേയും എത്തിയില്ല. ക്ഷേത്രനഗരിയിലെ മൊത്തം വെള്ളക്കെട്ടിന് കാരണം വലിയ തോടിന് ഒഴുക്ക് കുറഞ്ഞതാണെന്ന് 2021ൽ ചീഫ് ടൗൺ പ്ലാനർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തോട് വീതി കൂട്ടുകയും ഒഴുക്കിന് തടസമായി നിൽക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ വെള്ളക്കെട്ടിന് ശമനമുണ്ടാകില്ലെന്നാണ് അന്ന് കണ്ടെത്തിയത്. വലിയതോട് വ്യത്തിയാക്കുകയും മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കുകയും ചെയ്താലേ സമീപവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരമാകുകയുള്ളു.

വലിയതോട് വൃത്തിയാക്കുന്നതിന് അടിയന്തരമായി നടപടിയെടുക്കുന്നതിന് നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം നഗരസഭ കൗൺസിലിലും ഉന്നയിച്ചിട്ടുണ്ട്. -ബിന്ദു നാരായണൻ (വാർഡ് കൗൺസിലർ)

കഴിഞ്ഞ 30 വർഷങ്ങളായി ഗുരുവായൂർ നഗരസഭ ഭരിച്ച സി.പി.എം ഭരണത്തിന്റെ പരാജയത്തിന്റെ തെളിവാണ് മാലിന്യപ്പുഴയായി മാറിയ ഗുരുവായൂർ വലിയതോട്. -അനിൽ മഞ്ചറമ്പത്ത് (ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്)