അച്ഛനും മകനും തെരുവ് നായയുടെ കടിയേറ്റു

Sunday 08 February 2026 1:47 AM IST

പീരുമേട്: തെരുവ് നായയുടെ കടിയേറ്റ പിതാവിനെ ആശുപത്രിയിൽനിന്ന് കൊണ്ടുപോരുന്നതിനിടെ മകനും കടിയേറ്റു. മുങ്കലാർ കൊണ്ടച്ചൻ പറമ്പിൽ നിസാർ ( 48 ) മകൻ അഫ്സൽ (19) എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം നിസാർ ജോലി കഴിഞ്ഞ് വരുമ്പോഴാണ് നായ കടിച്ചത്. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ നിസാറിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പുറപ്പെട്ട വഴിയിലാണ് മകൻ അഫ്സലിനെ നായ കടിക്കുന്നത്. കൈയ്ക്ക് കടിയേറ്റ അഫ്സലും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച നായക്ക് പേവിഷബാധ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. പ്രദേശത്ത് തെരുവ് നായ ശല്യം വർദ്ധിച്ചതോടെ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.