ഗുരുവായൂരിൽ 'തെച്ചിപൂങ്കാവനം'
ഗുരുവായൂർ: ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർച്ചയായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തെച്ചിപ്പൂവും തുളസിയും ലഭ്യമാക്കുന്നതിന് പുതിയ പൂന്തോട്ടം ഒരുക്കി. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വസതിയോട് ചേർന്നാണ് 'തെച്ചി പൂങ്കാവനം'. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്കിൽ ദീപം പകർന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തെച്ചിച്ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി അരുൺകുമാർ എന്നിവരും ചെടികൾ നട്ടു. വടക്കാഞ്ചേരി സ്വദേശി ഐശ്വര്യ സുരേഷിന്റെ വഴിപാട് സമർപ്പണമാണ് പൂന്തോട്ടം. ചടങ്ങിൽ ഐശ്വര്യ സുരേഷും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായി. ദേവസ്വം മരാമത്ത് എക്‌സി.എൻജിനീയർ എം.കെ അശോക് കുമാർ, അസി.എക്‌സി.എൻജിനീയർ വി.ബി സാബു, അസി.എൻജിനീയർ ഇ.കെ. നാരായണനുണ്ണി തുടങ്ങിയവർ സന്നിഹിതരായി.