സി. സദാനന്ദൻ മാസ്റ്റർക്ക് മോദിയുടെ പ്രശംസാകത്ത്
ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിൽ നടത്തിയ കന്നി പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തമായും ആത്മവിശ്വാസത്തോടെയും കാര്യങ്ങൾ അവതരിപ്പിച്ച രീതിയെ അഭിനന്ദിക്കുന്നുവെന്ന് സദാനന്ദൻ മാസ്റ്റർക്ക് അയച്ച കത്തിൽ മോദി കുറിച്ചു. ആ വാക്കുകളിൽ ധാർമികശക്തിയും ദൃഢശക്തിയും കാണാൻ കഴിഞ്ഞു. കൃത്രിമകാലുകൾ സഭയിൽ പ്രദർശിപ്പിച്ചപ്പോൾ അതു പാർലമെന്റിനെയും ഇന്ത്യയെ ഒട്ടാകെയും അത്‌ഭുതപ്പെടുത്തി. അദ്ധ്യാപകൻ പിന്തിരിപ്പൻ പ്രത്യയശാസ്ത്രക്കാരാൽ ആക്രമിക്കപ്പെടുന്നത് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ്. ഇന്ന് ആ പ്രത്യയശാസ്ത്രം ക്ഷയിച്ചു പോകുകയും സദാനന്ദൻ മാസ്റ്റർ പാർലമെന്റിൽ ഇരിക്കുകയും ചെയ്യുന്നു. ചില എം.പിമാരാൽ അവിടെ പരിഹസിക്കപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ദേശസ്‌നേഹവും സംസ്‌കാരത്തോടുള്ള അഭിമാനവും താങ്കളോടുള്ള വ്യക്തിത്വത്തിന്റെ ഭാഗമാണ്. രാജ്യസഭയിലെ പ്രസംഗത്തിലും അതു വ്യക്തമായി പ്രതിഫലിച്ചിരുന്നു. കേരളത്തിലെ വികസനവും താങ്കളുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഒന്നാണ്. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും കേരളത്തിലെ ജനങ്ങൾ മടുത്തിരിക്കുകയാണ്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് പോയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത് വികസിത കേരളമെന്ന കാഴ്ചപ്പാട് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണെന്നും കത്തിൽ മോദി ചൂണ്ടിക്കാട്ടി.