വിജയത്തിനായി അദ്ധ്യക്ഷന്റെ "എ ക്ളാസ് " ചുവരെഴുത്ത്

Sunday 08 February 2026 12:08 AM IST

തൃശൂർ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകരാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ തൃശൂർ മണ്ഡലത്തിലെ 66 ശക്തി കേന്ദ്ര ഇൻ ചാർജുമാരുമായി സംവദിച്ചു. ബി.ജെ.പിയുടെ എ ക്‌ളാസ് മണ്ഡലങ്ങളിൽ ഒന്നായതിനാൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാകണം പ്രവർത്തനമെന്ന സന്ദേശവും അവർക്ക് നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി ജയിച്ച തൃശൂരിൽ നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കും കേരള ബി.ജെ.പി തുടക്കമിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മണ്ഡലത്തിൽ മൂന്നാമതുമെത്തിയിരുന്നു. നാൽപ്പതിനായിരത്തിലേറെ വോട്ടും നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതുൾപ്പെടെ എടുത്തു പറഞ്ഞ അദ്ധ്യക്ഷൻ അതേ ഊർജ്ജത്തോടെ നിയമസഭയെയും സമീപിക്കണമെന്നും നിർദ്ദേശിച്ചു. അതിനായി മോദി സർക്കാരിന്റെ നേട്ടങ്ങളും അതിന്റെ ഗുണഫലങ്ങളും ജനങ്ങളിലെത്തിക്കണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എസ്.സുരേഷ്, ആനൂപ് ആന്റണി, ജസ്റ്റിൻ ജേക്കബ്ബ്, എ.നാഗേഷ്, കെ.കെ.അനീഷ് കുമാർ, എം.വി.ഗോപകുമാർ എന്നിവർ പങ്കെടുത്തു.

അദ്ധ്യക്ഷന് ഉജ്ജ്വല സ്വീകരണം

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തൃശൂരിലെത്തിയ നിതിൻ നബീന് തൃശൂരിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. കാലടിയിലെ സന്ദർശനത്തിന് ശേഷമാണ് അദ്ധ്യക്ഷൻ കാർ മാർഗം തൃശൂരിലെത്തിയത്. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, എ.നാഗേഷ്, എം.വി.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

താരങ്ങളായി കണ്ണനും അശ്വനിയും

ദേശീയ അദ്ധ്യക്ഷൻ തൃശൂരിലെത്തിയപ്പോൾ ശ്രദ്ധേയരായത് രണ്ടുപേർ. കൃഷ്ണാപുരം ഏരിയ പ്രസിഡന്റ് അശ്വനി അജയൻ, 164-ാം നമ്പർ ബൂത്ത് പ്രസിഡന്റ് ടി.കെ.കണ്ണൻ എന്നിവരാണവർ. ബി.ജെ.പിയുടെ ആദ്യകാല പ്രവർത്തകനായ കണ്ണനെ നിതിൻ നബീൻ ആദരിച്ചപ്പോൾ വനിതാ ഏരിയ പ്രസിഡന്റ് അശ്വനി അജയൻ ദേശീയ അദ്ധ്യക്ഷനെ പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്തും പൊന്നാടയണിയിച്ചു.