സ്പായിലെ കൂട്ടമാനഭംഗം: പണപ്പിരിവിൽ പൊലീസ് പങ്ക്; ഉദ്യോഗസ്ഥനെതിരെ നടപടി

Sunday 08 February 2026 2:28 AM IST

പത്തനംതിട്ട; തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ ദുരൂഹതകളേറെ. കഴിഞ്ഞ ഒന്നിന് നടന്ന സംഭവത്തിൽ യുവതിയോ സ്പാ ഉടമയോ പരാതി നൽകിയിട്ടില്ല. രണ്ടുപേരെ അറസ്റ്റുചെയ്തത് രഹസ്യ വിവരത്തെ തുടർന്നാണെന്ന് പൊലീസ് പറഞ്ഞു. പീഡന വിവരം പൊലീസും മറച്ചുവച്ചു. ഗുണ്ടാ സംഘം അതിക്രമം കാട്ടുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്പാ കേന്ദ്രീകരിച്ച് പൊലീസും പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. ആരോപണ വിധേയനായ പൊലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടക്കും. കൂടുതൽ പേർ പിരിവ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സ്പായിലെ സംഭവത്തിൽ അനാസ്ഥ കാട്ടിയിട്ടില്ല. രഹസ്യ വിവരം ലഭിച്ച ഉടൻ യുവതിയുടെയും സ്പാ ഉടമയുടേയും മൊഴിയെടുത്തു. രണ്ടുപേരെ അറസ്റ്റുചെയ്തു. കുറ്റപ്പുഴ പാപ്പിവേലിൽ സുബിൻ അലക്സാണ്ടർ (29), മുപ്പിപിയൽ ബെർലിൻ ദാസ് (38) എന്നിവരാണ് പിടിയിലായത്. നാല് പ്രതികൾക്കായി തെരച്ചിൽ നടക്കുന്നു. സുബിനെ കാപ്പാ കേസിൽ കരുതൽ തടങ്കലിലാക്കും . സ്പാ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. തിരുവല്ല ഡിവൈ.എസ്.പി ടി.ആർ ജിജുവിനാണ് അന്വേഷണ ചുമതല. സഹപ്രവർത്തകയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന യുവതിയുടെ മൊഴി ഗൗരവത്തിൽ കാണുമെന്ന് അദ്ദേഹം പറഞ്ഞു.

"പെങ്ങളായി കാണണമെന്ന്

പറഞ്ഞപ്പോൾ മുഖത്തടിച്ചു "

സംഭവം നടന്നിട്ട് ദിവസങ്ങളായെങ്കിലും ശാരീരികമായും മാനസികമായും സാധാരണ നിലയിലായിട്ടില്ലെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു. ഗുണ്ടാപ്പിരിവായി അൻപതിനായിരം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് വൈകിട്ട് 3.30ന് സംഘമെത്തിയത്. പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. മുറിക്കുള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി. മുറി അകത്തുനിന്ന് പൂട്ടി. പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു. കത്തികൊണ്ട് കഴുത്തിൽ വരഞ്ഞു. 35 മിനിറ്റോളം ക്രൂരമായി പീഡിപ്പിച്ചു. ദേഹത്താകെ മർദ്ദിച്ചു.

സുബിൻ ലഹരിവസ്തു ഉപയോഗിച്ചിരുന്നു. സംഘത്തിൽ പത്തുപേരുണ്ടായിരുന്നു. നാലുപേർ പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് വടിവാളെടുക്കാൻ പോയെന്നും ക്വട്ടേഷൻ ആണെന്നും പറഞ്ഞു.

ഗുണ്ടാപ്പിരിവിന് പതിവായി സ്പായിൽ ആളുകളെത്താറുണ്ടെന്നും പണം നൽകാറുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി.

സ്പാ ഉടമയോട് മൂന്ന് ലക്ഷം രൂപ നൽകാൻ പറയണമെന്നും ഇല്ലെങ്കിൽ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും സുബിൻ പറഞ്ഞു. ആദ്യമായാണ് സുബിനെ കാണുന്നത്. മുമ്പ് മറ്റൊരാളായിരുന്നു പണം ചോദിച്ച് വന്നത്. സംഭവം നടക്കുമ്പോൾ സ്പായിൽ ഒരു പുരുഷൻ കസ്റ്റമറായി ഉണ്ടായിരുന്നു. അയാളെയും സുബിനും സംഘവും മർദ്ദിച്ചു. അയാളുടേയും എന്റേയും നഗ്ന ചിത്രം പകർത്തിയിട്ടുണ്ട്. പേടി കാരണം പരാതി നൽകിയില്ലെന്ന് യുവതി പറഞ്ഞു.

``സ്ഥാപനം തകർക്കാനുള്ള ക്വട്ടേഷനാണ് സംഭവത്തിന് പിന്നിൽ. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്ക് പങ്കുണ്ട്. പൊലീസിൽ പരാതി നൽകും.``

-സ്പാ ഉടമ ഡോ.സഞ്ജയ്